കൊച്ചി: നാദാപുരം തൂണേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഏഴ് മുസ്ലീം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ച് ഹൈക്കോടതി.

വിചാരണക്കോടതി വെറുതേ വിട്ട 17 പ്രതികളിൽ ഏഴ് പേർക്കാണ് ശിക്ഷ. മാറാട് സ്പെഷ്യൽ അഡിഷണൽ കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് സി. പ്രതീപ്കുമാർ എന്നിവരുടെ ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

ഒന്നും രണ്ടും പ്രതികളായ തൂണേരി തെയ്യമ്പാടി വീട്ടിൽ ഇസ്‌മായിൽ, സഹോദരൻ മുനീർ, നാല് മുതൽ ആറ് വരെ പ്രതികളായ വാരാങ്കി താഴേക്കുനി സിദ്ദിഖ്, മണിയന്റവിട മുഹമ്മദ് അനീസ്, കളമുള്ളതിൽ ഷുഹൈബ്, 15, 16 പ്രതികളായ കൊച്ചന്റവിട ജാസിം, കടയംകോട്ടുമ്മൽ അബ്ദുസ്സമദ് എന്നിവർക്കാണ് ജീവപര്യന്തം.

മൂന്നാം പ്രതി കാളിയറമ്പത്ത് അസ്‌ലമിനെയും കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും 2016ൽ കൊല്ലപ്പെട്ടതിനാൽ ഒഴിവാക്കി. പിഴത്തുകയിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഷിബിനിന്റെ പിതാവിനും ബാക്കി ആക്രമണത്തിൽ പരിക്കേറ്റവർക്കും നൽകണം.

2015 ജനുവരി 22നാണ് നാദാപുരം വെള്ളൂരിൽ ഷിബിൻ കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിച്ച ലീഗ് പ്രവർത്തകർ പൊടി പറത്തിയതിനെ ഡി.വൈ.എഫ്.ഐക്കാർ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത്. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 17 ലീഗ്കാർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.

കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി മുഴുവൻ പ്രതികളെയും വിചാരണക്കോടതി വെറുതേവിടുകയായിരുന്നു. ഇതിനെതിരേ സർക്കാരും ഷിബിനിന്റെ പിതാവും പരിക്കേറ്റവരുമാണ് അപ്പീൽ നൽകിയത്.

കീഴടങ്ങാതെ ഒന്നാംപ്രതി

ഹൈക്കോടതി കുറ്റക്കാരെന്നു വിധിച്ചവരിൽ ആറു പേരെ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ഇസ്മായിൽ കീഴടങ്ങിയിട്ടില്ല. നിയമതടസമില്ലാത്തതിനാൽ ഇയാളുടെ അഭാവത്തിലും ശിക്ഷ വിധിക്കുകയായിരുന്നു.

വഴക്കിനിടെയുള്ള കൊലപാതകമായതിനാൽ കടുത്തശിക്ഷ ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. പല വകുപ്പുകളിലായി ആറര വർഷം തടവ് കൂടിയുണ്ട്. എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി.

നാലാം പ്രതി സിദ്ദിഖ് വിഷാദരോഗത്തിന് മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്. ഇയാൾക്ക് മരുന്നുകൾ ജയിലധികൃതർ ലഭ്യമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.