fayis

കൊച്ചി:ഓടിച്ച് കൊതി തീരുംമുമ്പേ മോഷണം പോയ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ബൈക്ക് പൊലീസിനൊപ്പം ഊണും ഉറക്കവുമൊഴിച്ച് ഇറങ്ങിത്തിരിച്ച കൂട്ടുകാരുടെ സഹായത്തോടെ വീണ്ടെടുത്ത ആശ്വാസത്തിലാണ് മുഹമ്മദ് ഫായീസ് (21). രണ്ട് കൂട്ടുകാർ ഒരാളുടെ മോഹസാഫല്യത്തിന് നടത്തിയ മോഷണം. മറ്റൊരു കൂട്ടുകെട്ട് അത് പൊളിച്ചടുക്കി തങ്ങളിലൊരാളുടെ മോഹഭംഗം തീർത്തു. കള്ളന്മാരെ 48 മണിക്കൂറിനകം കുടുക്കി.

പുതിയത് വാങ്ങാൻ നാല് ലക്ഷം രൂപ ഇല്ലാത്തതിനാലാണ്

രണ്ടര ലക്ഷത്തിന് സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങിയത്. അതാണ് രണ്ട് സമ്പന്ന എൻജിനിയറിംഗ് വിദ്യാർത്ഥികൾ വിദഗ്ദ്ധമായി മോഷ്‌ടിച്ചത്. പൊലീസിനൊപ്പം ഫായീസിന്റെ 25 സുഹൃത്തുക്കളാണ് നഗരത്തിലും പരിസരങ്ങളിലും തലങ്ങും വിലങ്ങും തിരഞ്ഞത്.

വെള്ളിയാഴ്ച ഫായീസിന്റെ സഹോദരൻ മുഹമ്മദ് സുഹൈലാണ് ബൈക്ക് കൊണ്ടുപോയത്. ഉച്ചയ്ക്ക് ഇടപ്പള്ളി ഗ്രാൻഡ് മാളിൽ നിന്ന് കൊല്ലം സ്വദേശിയും ഹരിയാനയിൽ ബി.ടെക് വിദ്യാർത്ഥിയുമായ സാവിയോ, കൊടുങ്ങല്ലൂർ സ്വദേശിയും കൊച്ചിയിൽ ബി.ടെക് വിദ്യാർത്ഥിയുമായ ചാൾസ് എന്നിവർ ബൈക്ക് കടത്തുകയായിരുന്നു.

''ബൈക്ക് പോയെന്ന് വൈകിട്ടാണ് അറിഞ്ഞത്. കൺട്രോൾ റൂമിൽ പരാതിപ്പെട്ടു. പൊലീസ് എത്തി പരിസരത്തെല്ലാം അന്വേഷിച്ചു. ഗ്രാൻഡ്മാളിലെ സി.സി.ടിവി ദൃശ്യം പിറ്റേന്ന് രാവിലെയേ കിട്ടുമായിരുന്നുള്ളൂ. ബൈക്ക് കിട്ടാൻ സാദ്ധ്യത ഇല്ലെന്ന് ഉറപ്പിച്ചു. കൂട്ടുകാ‌രെയെല്ലാം അറിയിച്ചു. സഹോദരന്റെ കൂട്ടുകാരടക്കം 25 പേർ നാലുവഴിക്കും പാഞ്ഞു." ഫായീസ് പറഞ്ഞു.

ബൈക്ക് ചവിട്ടിത്തള്ളി കൊണ്ടുപോകുന്ന സി.സി.ടിവി ദൃശ്യം 12ന് രാവിലെ പൊലീസിന് ലഭിച്ചു. ഫായീസും കൂട്ടുകാരും പൊലീസിനൊപ്പം മൂന്ന് ടീമുകളായി ഇറങ്ങി. പോകാൻ സാദ്ധ്യതയുള്ള വഴികളിലെ എല്ലാ കടകളിലും കയറി സി.സി.ടി. വി പരിശോധിച്ചു. ദൃശ്യം നൽകാൻ മടിച്ച കടകളിൽ എളമക്കര എസ്.ഐ നേരിട്ടെത്തി. തെരച്ചിൽ കളമശേരിക്ക് രണ്ടു കിലോമീറ്റർ അകലെ നൊച്ചിമയിൽ എത്തിയപ്പോഴാണ് വഴിത്തിരിവുണ്ടായത്. ഇവിടെ ചാൾസ് വാടകയ്ക്ക് താമസിച്ച വീടിന്റെ മുന്നിൽ മോഷ്‌ടാവിന്റെ ഹെൽമെറ്റ് കണ്ടയുടൻ ഫായിസ് തിരിച്ചറിഞ്ഞു.

പൊലീസെത്തി പരിശോധിച്ചപ്പോൾ കടത്താനുപയോഗിച്ച ബൈക്ക് മൂടിയിട്ട നിലയിൽ കണ്ടെത്തി. സമീപത്തെ സി.സി.ടിവി ദൃശ്യം കൂടി കിട്ടിയത് പൊലീസിനെ മോഷ്ടാക്കളിലേക്ക് അടുപ്പിച്ചു. പ്രതികൾ പോയ കുണ്ടറയിലേക്കും ഫായീസും സംഘവും പൊലീസിനെ അനുഗമിച്ചു. പിടിയിലായെന്ന് ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്. ബൈക്ക് തന്റേതെന്ന് തെളിയിക്കുന്ന രേഖകൾ ഫായീസ് പൊലീസിന് കൈമാറിയിട്ടുണ്ട്. കോടതി നടപടികൾ പൂർത്തിയാക്കി ഈ ആഴ്ച തന്നെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ്.