കിഴക്കമ്പലം: ട്വന്റി 20 പാർട്ടി ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിലെ പ്രസിഡന്റ് എം.വി. നിതമോൾക്കെതിരെ സ്വന്തം പാർട്ടിക്കാർ നൽകിയ അവിശ്വാസ പ്രമേയം പാസായി. ഭരണസമിതിയിലെ 10 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പ്രസിഡന്റ് പുറത്തായത്. പ്രസിഡന്റിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് നേരത്തെ 10 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയം വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിരുന്നു. ഇന്നലെ പ്രമേയം ചർച്ചയ്‌ക്കെടുത്തപ്പോൾ എൽ.ഡി.എഫിലെ രണ്ട് അംഗങ്ങൾ വിട്ടു നിന്നു. യു.ഡി.എഫ് പ്രമേയത്തിന്റെ ചർച്ചയിലുടനീളം പങ്കെടുത്ത് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
പഞ്ചായത്ത് പ്രസിഡന്റ് വ്യാജരേഖ ചമച്ച് ചട്ടലംഘനങ്ങൾ നടത്തുകയും ക്രിമിനൽ ഗൂഢാലോചനകളിൽ ഏർപ്പെടുകയും, കോടിക്കണക്കിന് രൂപയുടെ അഴിമതികൾ നടത്തുകയും ചെയ്തതായി ട്വന്റി 20 പാർട്ടി പറയുന്നു. ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തുകയും ചെയ്തതായും ആരോപണമുണ്ട്.
അതേ സമയം, ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം നടത്തിയ അഴിമതിക്ക് കൂട്ട് നിൽക്കാത്തതിനാലാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് നിതമോൾ പറഞ്ഞു. ഇക്കാര്യങ്ങൾ യഥാസമയം ട്വന്റി 20 നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ അഴിമതി മൂടി വയ്‌ക്കാൻ തന്നെ കരുവാക്കിയെന്ന് നിത ആരോപിക്കുന്നു.