
അങ്കമാലി: മാസങ്ങൾക്ക് മുമ്പ് അങ്കമാലിയിലെത്തിയ ഗതാഗത മന്ത്രി ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞു. തുടർന്ന് പരിഹാര മാർഗങ്ങൾക്ക് നിർദ്ദേശം നൽകി. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ സംഘടനാ ഭാരവാഹികളും വിപുലമായ യോഗം കൂടി. എന്നാൽ, ഇതിലൊന്നും പരിഹാരമായില്ലെന്ന് മാത്രമല്ല നഗരത്തിലെ കുരുക്ക് ഒന്നുകൂടി മുറുകിയെന്ന് വേണം കരുതാൻ.
ഗതാഗതക്കുരുക്കിന്റെ പ്രധാനകാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത് അനധികൃത പാർക്കിംഗ് ആണ്. ടൗണിലെ പ്രധാന ബസ് സ്റ്റോപ്പ് ആയ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ മുൻവശത്താണ് ഏറ്റവും അധികം പാർക്കിംഗ്. ഇവിടെ ഗതാഗതത്തിന് തടസമായി റോഡിലേക്ക് തള്ളി നിന്നിരുന്ന ബസ് കാത്തുനിൽപ്പ് കേന്ദ്രം മാസങ്ങൾക്ക് മുമ്പ് പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ, ജനങ്ങളെ പെരുവഴിയിലാക്കി എന്നല്ലാതെ ഗതാഗത തടസത്തിന് പരിഹാരം ഉണ്ടായില്ല. നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലംഘിക്കുന്നവർക്ക് എതിരെ നടപടിയില്ല. ബസുകൾ നിറുത്തുന്നതിനായി സ്റ്റോപ്പിൽ സ്ഥലമുണ്ടെങ്കിലും അനധികൃത പാർക്കിംഗും റോഡിലെ കുഴികളും കാരണം റോഡിൽ തന്നെ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. നടപ്പാത തടസപ്പെടുത്തി കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ടി വരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുകയും വാഹനങ്ങൾ മെല്ലെ പോകേണ്ട സ്ഥിതിയും ഉണ്ടാകുന്നു.
കുരുക്കിന്റെ കാരണങ്ങൾ
അങ്കമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പായില്ല
അനധികൃത പാർക്കിംഗ് രൂക്ഷം
ബസുകൾ നിറുത്തുന്നത് നടുറോഡിൽ
ഫ്രീലെഫ്റ്റിനുള്ള ടേണിൽ വാഹനങ്ങൾ നിറുത്തുന്നത് പതിവ്
റോഡിന് നടുവിലെ മീഡിയനുകളിലെ ഗ്രില്ലുകൾ ഇളകി
ഗതാഗതക്കുരുക്ക് ദിനംപ്രതി വർദ്ധിക്കുന്നത് സ്വകാര്യബസ് മേഖലയുടെ നിലനില്പ് പോലും പ്രതിസന്ധിയിൽ ആക്കുന്നു. സമയനിഷ്ഠ പാലിച്ചും ട്രിപ്പ് മുടക്കാതെയും സർവീസ് നടത്താൻ കഴിയാത്തതു മൂലം യാത്രക്കാർ ബസുകളെ കയ്യൊഴിയുകയാണ്. ഗതാഗത പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണം
എ.പി. ജിബി,
പ്രസിഡന്റ്,
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
അങ്കമാലി
ബസ് സ്റ്റോപ്പുകളിലെയും നടപ്പാതയിലെയും വാഹന പാർക്കിംഗ് ഒഴിവാക്കണം. ദേശീയ പാത കരയാംപറമ്പ് മുതൽ ടെൽക്ക് വരെ നിലവിലുള്ള റോഡ് പൂർണമായി ഉപയോഗപ്പെടുത്തണം. ഇതിലൂടെ ഒരു പരിധി വരെ വാഹനങ്ങൾക്ക് സുഗമായി യാത്ര ഒരുക്കാം.
ബി.ഒ.ഡേവിസ്,
സെക്രട്ടറി
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
അങ്കമാലി