udayamperoor
കുടിവെള്ളം വിഷയത്തിൽ ജനങ്ങളെ വഞ്ചിച്ച ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മെമ്പർമാരും സ്വതന്ത്ര അംഗവും പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ച് ഓഫീസിന് മുന്നി​ൽ നടത്തിയ ധർണ

കൊച്ചി: കുടിവെള്ള വിഷയത്തിൽ ജനങ്ങളെ വഞ്ചിച്ച ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മെമ്പർമാരും സ്വതന്ത്രഅംഗവും പഞ്ചായത്ത് കമ്മിറ്റിയോഗം ബഹിഷ്‌കരിച്ച് ഓഫീസിന് മുമ്പിൽ ധർണ നടത്തി. തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 23ന് ചേർന്ന ജല ഉപദേശകസമിതിയുടെ അവലോകനയോഗത്തിൽ ഉദയംപേരൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.

കഴിഞ്ഞ മേയി​ൽ കോൺഗ്രസ് മെമ്പർമാരും സ്വതന്ത്രഅംഗവും പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജലഅതോറിറ്റി ഓഫീസിനുമുന്നി​ൽ രാപ്പകൽസമരം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഉദയംപേരൂർ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ 48മണിക്കൂർ തുടർച്ചയായി ഇരുപഞ്ചായത്തുകൾക്കും ഇടവിട്ട് കുടിവെള്ളം നൽകാനും ആമ്പല്ലൂർ പഞ്ചായത്തിലെ പൈപ്പുലൈനിൽ ഫ്ലോമീറ്റർ ഘടിപ്പിക്കാനും ജൂൺ 6ന് റിവ്യൂ കമ്മിറ്റി കൂടാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച തുടർ നടപടികളോ മീറ്റിംഗുകളോ ഉണ്ടായിട്ടില്ലെന്നും മെമ്പർമാരായ എം.പി. ഷൈമോൻ, ടി.എൻ. നിമിൽരാജ്, ആനി അഗസ്റ്റിൻ, സോമിനി സണ്ണി, ബിനു ജോഷി, നിഷ ബാബു, സ്മിതാ രാജേഷ്, എം.കെ. അനിൽകുമാർ എന്നിവർ ആരോപിച്ചു.