കൊച്ചി: കൊച്ചിയെ സ്മാർട്ടാക്കാനുള്ള പുത്തൻ സ്മാർട്ട് യന്ത്രങ്ങൾ എത്തുന്നു, നഗരത്തിലെ മാലിന്യസംസ്കരണ രംഗത്തടക്കം മാറ്റംവരുത്തുകയാണ് ലക്ഷ്യം. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ ഉപകരണങ്ങളെല്ലാം കോർപ്പറേഷന് കൈമാറുന്നത്. റഫ്യൂസ് കോമ്പാക്ടേഴ്സ്, പോട്ട് ഹോൾ പാച്ചിംഗ് മെഷീൻ, ആംഫീബിയൻ വീഡ് ഹാർവെസ്റ്റർ എന്നിവ 18ന് ഡി.എച്ച് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ നിരത്തിലിറക്കും.
കേരളം മുഴുവൻ ഹിറ്റായ 5000 ലിറ്ററിന്റെ സക്ഷൻ കം ജെറ്റിംഗ് മെഷീൻ, സ്ലിറ്റ് പുഷർ എന്നിവയും അടുത്തഘട്ടത്തിൽ കൈമാറും.
റഫ്യൂസ് കോമ്പാക്ടേഴ്സ്
15 കോംപാക്ട് മെഷീനുകളാണ് എത്തിച്ചിരിക്കുന്നത്. ഒരെണ്ണത്തിന് 8.67 കോടി രൂപയാണ് വില. 5 വർഷത്തെ ഓപ്പറേറ്റിംഗ് ആൻഡ് മെയിന്റനൻസ് ചുമതലയോടുകൂടിയാണ് ഇവ കൈമാറുന്നത്. 27.82 കോടി രൂപയാണ് ഫണ്ട് നീക്കി വച്ചിരിക്കുന്നത്. കൂടുതൽ മാലിന്യങ്ങൾ ശേഖരിക്കാനും ദുർഗന്ധമില്ലാതെ ഇവ കൊണ്ടുപോകുന്നതിനും സാധിക്കും.
തുറന്ന വാഹനത്തിലൂടെയുള്ള മാലിന്യനീക്കം കൊച്ചി നഗരവാസികൾക്ക് ഒട്ടേറെ പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ
കനാലുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും എളുപ്പത്തിൽ മാറ്റാൻ കഴിയുന്ന മെഷീനാണിത്. 4.82 കോടി രൂപയാണ് വില. ജലാശയങ്ങളെ സംരക്ഷിക്കുകയും ജലജീവികളെ ഉപദ്രവിക്കാത്ത തരത്തിൽ മെഷീൻ പ്രവർത്തിപ്പിക്കാനുമാകും. തോടുകളിൽ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്‌നത്തിന് മെഷീനിന്റെ വരവോടെ പരിഹാരം കാണാനാകും.
അഞ്ചുവർഷത്തെ മെയിന്റനൻസ് ഉൾപ്പടെയാണ് ഇത്. മെയിന്റനൻസിനും ഓപ്പേറേഷനുമായി 9.10കോടിരൂപ വകയിരുത്തി.
പോട്ഹോൾ മെഷീൻ
നഗരത്തിലെ റോഡുകളുടെ അറ്റകുറ്രപ്പണി വേഗത്തിലാക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് പോട് ഹോൾ മെഷീൻ എത്തിക്കുന്നത്. കുഴികൾ അടക്കാൻ ഇത് ഉപയോഗിക്കാനാകും. സാധാരണ റോഡ് അറ്റകുറ്റപ്പണികൾ നടക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കില്ലാത്ത രീതിയിലായിരിക്കും മെഷീനിന്റെ പ്രവർത്തനം. അഞ്ചുവർഷത്തെ ഓപ്പറേറ്റിംഗ് ആൻഡ് മെയിന്റനൻസ് എന്നിവയും മെഷീനുണ്ട്. 1.76കോടിരൂപയാണ് വില. ഓപ്പറേറ്റിംഗിനും മെയിന്റനൻസിനുമായി 6.16കോടി വകയിരുത്തി.
കോംപാട്ക് മെഷീനടക്കം വരുന്നതോടെ നഗരത്തിലെ മാലിന്യനീക്കത്തിലടക്കം പ്രകടമായ മാറ്റമുണ്ടാകും.
നഗരസഭയ്ക്ക് മാലിന്യനീക്കത്തിനായി പ്രതിമാസം ചെലവഴിക്കുന്ന തുക ഒഴിവാക്കാനാകും. പരിസരമലീനീകരണം കുറയ്ക്കാനുമാകും.
സി.എസ്.എം.എൽ സി.ഇ.ഒ ഷാജി വി. നായർ അടക്കമുള്ളവർക്കും ഉദ്യോഗസ്ഥർക്കും നന്ദി .
എം. അനിൽകുമാർ
മേയർ