
പെരുമ്പാവൂർ: പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നു വന്ന ഉപജില്ല കായിക മേള സമാപിച്ചു. 256 പോയിന്റ് കരസ്ഥമാക്കി വെസ്റ്റ് വെങ്ങോല ശാലേം ഹൈസ്ക്കൂൾ ചാമ്പ്യൻമാരായി. 224 പോയിന്റ് നേടി ഒക്കൽ എസ്.എൻ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 93 പോയിന്റോടെ കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ട്രോഫികൾ വിതരണം ചെയ്തു. ആശ്രമം എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിമി എം.ജേക്കബിന്റ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ.ഇ.ഒ. ഒ.കെ ബിജിമോൾ, റവന്യൂ ജില്ല സ്പോർട്സ് സെക്രട്ടറി ജോർജ് ജോൺ, ഉപജില്ല സ്പോർട്സ് സെക്രട്ടറി കെ.എം ശാഹിർ, കെ.എ നൗഷാദ്, എം.എം നാസർ, പി.എസ് ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.