mavely

ആലുവ: മലേഷ്യൻ അന്താരാഷ്ട്ര ഓപ്പൺ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ഭാരതത്തിന് അഭിമാനമായി ജോസ് മാവേലിക്ക് മൂന്ന് മെഡലുകൾ. 200 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡലും 400, 800 മീറ്ററുകളിൽ ബ്രോൺസ് മെഡലുകളുമാണ് 73 കാരനായ ജോസ് മാവേലിക്ക് ലഭിച്ചത്. മലേഷ്യ സർക്കാരിന്റെ യുവജന കായിക മന്ത്രാലയത്തിന്റെ സഹകരണത്തിൽ മലേഷ്യൻ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷനാണ് കോലാലമ്പൂർ ബംഗിത് ജലീൽ സ്റ്റേഡിയത്തിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് അമ്പതോളം സീനിയർ വെറ്ററൻ കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.
ജോസ് മാവേലി നിരവധി ദേശീയ,​ അന്തർദേശീയ മീറ്റുകളിൽ അനേകം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2023 ൽ ദുബായിൽ നടന്ന ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ 100, 200, 400 മീറ്റർ സ്പ്രിന്റ് ഇനങ്ങളിൽ സ്വർണമെഡലുകൾ നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. 2004ൽ തായ്‌ലന്റിൽ നടന്ന ഏഷ്യൻമീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ എന്ന പദവിയും നേടിയിട്ടുണ്ട്. 2006ൽ ബംഗളുരുവിൽ നടന്ന ഏഷ്യൻമീറ്റിൽ 100 മീറ്ററിൽ സിൽവറും 2010 ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ മീറ്റിൽ വെങ്കലവും നേടിയിട്ടുണ്ട്. നിരവധി തവണ ഏഷ്യൻ മാസ്റ്റേഴ്‌സ് മീറ്റിൽ ഭാരതത്തിനു വേണ്ടി അദ്ദേഹം മെഡലുകൾ നേടിയിട്ടുണ്ട്.