കൊച്ചി: സഭാവിരുദ്ധപ്രവർത്തനം നടത്തുന്ന എറണാകുളം അതിരൂപതയിലെ വൈദികരെയും അൽമായസംഘടനാ ഭാരവാഹികളെയും പുറത്താക്കണമെന്ന് മാർതോമ നസ്രാണിസംഘം ആവശ്യപ്പെട്ടു. ഇടവകകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതിരൂപതാ ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ വൈദികർ സഭയെയും മാർപ്പാപ്പയെയും ബിഷപ്പുമാരെയും നിരന്തരം അധിക്ഷേപിക്കുകയാണ്. സഭാ സർക്കുലറുകൾ വിശ്വാസികളെ അറിയിക്കാതെ പൂഴ്‌ത്തിവയ്ക്കുന്നു. സഭാവിരുദ്ധ പ്രവർത്തനം നടത്തുന്ന ഇടവകകളിൽ കൂദാശകൾ വിലക്കുക, വിവാഹക്കുറി നൽകാതിരിക്കുക എന്നീ നടപടികളും സഭാനേതൃത്വം സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ടെൻസൺ പുളിക്കൽ, സേവ്യർ മാടവന, ജോമോൻ ആരക്കുഴ, ടോണി ജോസഫ്, ആനന്ദ് പീറ്റർ എന്നിവർ പങ്കെടുത്തു.
വിട്ടുവീഴ്‌ചയില്ലെന്ന് അൽമായ മുന്നേറ്റം
അതിരൂപതയിലെ മുന്നൂറോളം വൈദികരും വിശ്വാസികളും സംഘടിപ്പിച്ച പ്രതിഷേധത്തിൽ മെത്രാൻ സമിതിയും മീഡിയ കമ്മിഷനും വിറളി പിടിച്ചതായി അൽമായ മുന്നേറ്റം ആരോപിച്ചു.
സഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടരുതെന്ന താല്പര്യത്തോടെ പ്രവർത്തിക്കുന്ന മെത്രാൻ സമിതിയിലെ ചങ്ങനാശേരി ലോബിയുടെ കടുംപിടിത്തമാണ് സ്ഥിതി വഷളാക്കുന്നതെന്ന് മുന്നേം കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും ആരോപിച്ചു.
ബിഷപ്പ് ബോസ്‌കോ പുത്തൂർ നിയമിച്ച കൂരിയ പിരിച്ചുവിടുക, ബോസ്‌കോ പുത്തൂർ സ്ഥാനം ഒഴിയുക, ഡീക്കന്മർക്ക് വൈദികപ്പട്ടം കൊടുക്കുക എന്നീ നിലപാടുകളിൽ നിന്ന് പിന്മാറില്ലെന്നും അറിയിച്ചു.