ആലുവ: ആലുവ നഗരസഭയിൽ ദേശീയപാത മേൽപ്പാലത്തിന് താഴെ പേ ആൻഡ് പാർക്കും മറ്റനധികൃത കച്ചവടങ്ങളും അടിയന്തരമായി ഒഴിപ്പിക്കുന്നതിനായി ആലുവ നഗരസഭാ സെക്രട്ടറിക്ക് ദേശീയപാത അതോറിട്ടി വീണ്ടും നോട്ടീസ് നൽകി. സെക്ഷൻ 26 നാഷണൽ ഹൈവേസ് ലാൻഡ് ആൻഡ് ട്രാഫിക്ക് നിയന്ത്രണ വകുപ്പ് പ്രകാരമാണ് നോട്ടീസ്.

ജനങ്ങളുടെ സ്വൈര സഞ്ചാരം തടസപ്പെടുന്ന തരത്തിലുള്ള കൈയേറ്റങ്ങൾ ഉടനടി ഒഴിപ്പിക്കുന്നതിനായി കൈയേറ്റം നടത്തിയിരിക്കുന്നവർ തന്നെ ഒഴിയുന്നതിനായി നിർദേശിക്കുന്നതാണ് ഈ വകുപ്പ്. ഇവിടെ നഗരസഭയുടെ അനുമതിയോടെയാണ് കൈയേറ്റങ്ങൾ നടത്തിയിരിക്കുന്നത് എന്നതിനാൽ നഗരസഭയോട് ഇത് ഒഴിപ്പിക്കണമെന്നാണ് ദേശീയപാത അതോറിറ്റി പാലക്കാട് പ്രൊജക്ട് ഡിവിഷൻ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും കരാറുകാരായ ജി.ഐ.പി.എല്ലിനും കത്ത് നൽകിയിട്ടുണ്ട്.

ഒഴിപ്പിക്കാത്തതിന് പിന്നിൽ

അഴിമതിയെന്ന് ബി.ജെ.പി

ആലുവ: ദേശീയപാത അതോറിട്ടിയുടെ ഒഴിപ്പിക്കുന്നതിനുള്ള കത്ത് മറച്ചുവെച്ചാണ് പേ ആൻഡ് പാർക്കിന് വീണ്ടും കരാർ കൊടുത്തതെന്ന് ബി.ജെ.പി ആരോപിച്ചു. 2023 നവംബർ 23നും പിന്നീട് 2024 ഓഗസ്റ്റ് 22നും ബി.ജെ.പി നൽകിയ പരാതിയിൽ എല്ലാ അനധികൃത കൈയേറ്റങ്ങളും നീക്കണമെന്ന് ദേശീയപാത അതോറിറ്റി നോട്ടീസ് കൊടുത്തിരുന്നെങ്കിലും നടപടിയെടുക്കാതിരുന്നത് ഭരണകക്ഷിയിലെ ചില കൗൺസിലർമാരുടെ സമ്മർദം മൂലമാണെന്നും ഇത് അഴിമതിയാണെന്നും ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാറും പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്തും ആരോപിച്ചു. തുടർന്ന് മന്ത്രാലയത്തിൽ വീണ്ടും പരാതി നല്കിയതിനെ തുടർന്നാണ് ദേശീയപാത അതോറിറ്റി നഗരസഭാ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. ഇനിയും നടപടിയെടുക്കാത്തപക്ഷം ബി.ജെ.പി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.