പറവൂർ: പറവൂർ ഗവ. താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ എസ്‌.ഡി സഭ കോൺവന്റിൽ മോഷണം. 30,000 രൂപയോളം നഷ്‌ടപ്പെട്ടു. ഇന്നലെ രാവിലെ 6.25നും 7.30നും മധ്യേയാണ് മോഷണം നടന്നത്. എസ്‌.ഡി സന്യാസ സഭയിലെ മൂന്ന് കന്യാസ്ത്രീകളാണ് ഇവിടെയുള്ളത്. മോഷണം നടന്ന സമയത്ത് മൂന്ന് പേരും സമീപത്തുള്ള സെന്റ് ജർമയിൻസ് പള്ളിയിൽ പോയിരുന്നു. സാധാരണ ദിവസങ്ങളിൽ കോൺവന്റിലെ ജോലിക്കാരി ഉണ്ടാകാറുണ്ട്. ഇന്നലെ അവർ അവധിയായിരുന്നു. പള്ളിയിൽ പോയപ്പോൾ കോൺവന്റ് പൂട്ടിയ ശേഷം താക്കോൽ ഒരു ജനലിന്റെ പാളി തുറന്ന് അകത്തു വച്ചിരുന്നു. താക്കോൽ എടുത്താണ് മോഷ്ടാവ് അകത്തുകയറിയത്. കന്യാസ്ത്രീകൾ തിരിച്ചെത്തിയപ്പോൾ താക്കോൽ കണ്ടില്ല. മുറി തുറന്നിട്ടിരിക്കുന്നതായി പുറത്തുനിന്ന് കണ്ടതിനാൽ മോഷണം നടന്നെന്ന് വ്യക്തമായി. പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി.