road

ആലുവ: തകർന്ന് തരിപ്പണമായി കിടക്കുന്ന ആലുവ പൈപ്പ് ലൈൻ റോഡിന്റെ നവീകരണത്തിന് വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം തുടക്കം. ആലുവ നിർമ്മല സ്കൂൾ മുതൽ ആലുവ നിയമസഭ മണ്ഡലത്തിന്റെ അതിർത്തി പ്രദേശമായ കുന്നത്തേരി കള്ളുഷാപ്പ് വരെയാണ് ടൈൽ വിരിക്കാൻ ഒരുങ്ങുന്നത്.

അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. രണ്ട് വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് ഈ ഭാഗം നവീകരിക്കുന്നതിന് പണം അനുവദിച്ചതാണെങ്കിലും ജില്ലാ പഞ്ചായത്ത് അംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും തമ്മിലുള്ള ഈഗോ തടസമാകുകയായിരുന്നു. സി.പി.ഐയിലെ റൈജ അമീർ ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ എം.എൽ.എയുടെ നിർദ്ദേശപ്രകാരം തന്റെ ഫണ്ടാണ് റോഡ് നവീകരണത്തിന് അനുവദിച്ചതെന്ന് അവകാശപ്പെട്ട് കോൺഗ്രസ് നേതാവായ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ടോമി രംഗത്തെത്തിയതാണ് തർക്കത്തിന് കാരണമായത്. ഇതിന് പുറമെ വാട്ടർ അതോറിട്ടിയിൽ നിന്ന് നവീകരണത്തിനുള്ള അനുമതിയും സാങ്കേതിക കാരണങ്ങളാൽ നീണ്ടു. തുടർന്നാണ് അൻവർ സാദത്ത് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ചത്.

ഗതാഗതക്കുരുക്കില്ലാതെ...

ആലുവ സെന്റ് മേരീസ് എൽ.പി സ്കൂളിന് മുമ്പിൽ നിന്നാരംഭിക്കുന്ന പൈപ്പ് ലൈൻ റോഡ് നിർമ്മല സ്കൂൾ വരെ ഒരു വർഷം മുമ്പ് ടൈൽ വിരിച്ച് നവീകരിച്ചിരുന്നു. രണ്ടാംഘട്ടമായാണ് ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കാൻ തയ്യാറായത്. ആലുവ മണ്ഡലം കഴിഞ്ഞ് കളമശേരി മണ്ഡലത്തിന്റെ ഭാഗമായ സ്ഥലമെല്ലാം നേരത്തെ ടൈൽ വിരിച്ച് മനോഹരമാക്കിയിരുന്നു. ആലുവയിൽ നിന്ന് കളമശേരിയിലേക്ക് ചെറുവാഹനങ്ങൾക്ക് ഗതാഗതകുരുക്കിൽപ്പെടാതെ എത്താൻ കഴിയുന്ന റോഡാണിത്.

എം എൽ.എക്ക് അഭിനന്ദനം

ചൂർണിക്കര ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകുന്ന നിർമ്മല മുതൽ കുന്നത്തേരി ഷാപ്പ് പടി വരെയുള്ള പൈപ്പ് ലൈൻ റോഡിന്റെ നവീകരണത്തിന് തുടക്കം കുറിച്ചതിൽ നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. വർഷങ്ങളായി തകർന്നുകിടന്ന പൈപ്പ് ലൈൻ റോഡിലൂടെ വാഹനങ്ങൾക്ക് പോകുവാൻ കഴിയാത്ത സ്ഥിതിയായിരുന്നു. നവീകരണത്തിന് ആവശ്യമായ സൗകര്യങ്ങൾ വാർഡ് മെമ്പർ കെ.കെ. ശിവനന്ദന്റെ നേതൃത്വത്തിൽ ഒരുക്കിക്കൊടുത്തു.