കൊച്ചി: കലൂരിൽ ആധുനികരീതിയിൽ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം 18ന് ഉച്ചയ്ക്ക് 12ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ജി.സി.ഡി.എയാണ് നവീകരണം പൂർത്തിയാക്കിയത്.
കലൂർ മണപ്പാട്ടിപ്പറമ്പിനടുത്ത് സ്ഥിതിചെയ്യുന്ന ഇരുനിലക്കെട്ടിടം 40000 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. സി.എസ്.എം.എൽ സഹകരണത്തോടെ 5.87കോടി രൂപ ചെവഴിച്ചായിരുന്നു നിർമ്മാണം.
ഇറച്ചി, മത്സ്യം, പഴം, പച്ചക്കറി (അനുബന്ധ ഉത്പന്നങ്ങൾ, പലചരക്ക്) എന്നിങ്ങനെ ഓരോ വിഭാഗങ്ങൾക്കായി പ്രത്യേകം ഇടങ്ങൾ മാർക്കറ്റിന്റെ താഴത്തെ നിലയിൽ ഒരുക്കിയിട്ടുണ്ട്. 6000 ചതുരശ്ര അടിയോളം വിസ്തീർണമാണ് ഓരോ വിഭാഗത്തിനുമായി തയ്യാറാക്കിയിട്ടുള്ളത്. 18 കടമുറികളും ഓപ്പൺ സ്റ്റാൾ ഏരിയയും ഓരോ വിഭാഗത്തിലും ഉണ്ടാകും.
ഒന്നാംനിലയിൽ 2000 ചതുരശ്ര അടിയുള്ള സൂപ്പർമാർക്കറ്റ്, ഓപ്പൺ റസ്റ്റോറന്റ് എന്നിവയുണ്ട്. മാർക്കറ്റിൽ 84 കടമുറികളും പ്രവർത്തനസജ്ജമായിട്ടുണ്ട്. ലിഫ്റ്റ് സൗകര്യവുമുണ്ട്.
മാർക്കറ്റ് സ്ഥിതിചെയ്യുന്ന 1.3 ഏക്കറോളംസ്ഥലത്ത് അറുപതോളം കാറുകൾക്ക് പാർക്ക് ചെയ്യാനാകും. കൂടുതൽ പാർക്കിംഗിനായുള്ള സൗകര്യം മണപ്പാട്ടിപറമ്പിൽ ജി.സി.ഡി.എ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഒരുക്കും.
സൗകര്യങ്ങൾ
ബാനർജിറോഡ്, കലൂർ മെട്രോസ്റ്റേഷൻ, മണപ്പാട്ടിപ്പറമ്പ്, ശാസ്താ ടെമ്പിൾറോഡ് എന്നിവിടങ്ങളിൽ നിന്നെല്ലാം പ്രവേശനം സാദ്ധ്യമാണ്. ബാനർജിറോഡിൽ നിന്ന് മാർക്കറ്റ് വരെയുള്ള ഏഴുമീറ്റർ വീതിയുള്ളറോഡ് നിർമാണം പുരോഗമിക്കുന്നു. മഴവെള്ള സംഭരണി, അഗ്നിശമന സജ്ജീകരണങ്ങൾ, സർവീസ് ലിഫ്റ്റ്, ഫയർ ഫൈറ്റിംഗ് ടാങ്ക്, ശൗചാലയസൗകര്യം, ഇലക്ട്രിക്കൽ റൂം, ഡ്രൈയിൻ നിർമ്മാണം എന്നിവ ഉൾപ്പെടുത്തി നിലവിലുള്ള ജി.സി.ഡി.എ മാർക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി പൊതുവിപണന മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള നവീകരണമാണ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്.
ഉറവിടത്തിൽത്തന്നെ മാലിന്യസംസ്കരണം സാദ്ധ്യമാകുന്ന 250 ലിറ്റർ ശേഷിയുള്ള ഇ.ടി.പി (എഫ്ളുവെന്റ് ട്രീറ്റ്‌മെന്റ് പ്ളാന്റ്) സംവിധാനമാണ് തയ്യാറാക്കുന്നത്. പച്ചക്കറി/പഴം, മത്സ്യ, മാംസ മാലിന്യങ്ങളും അവശിഷ്ടങ്ങളും സംസ്‌കരിക്കുന്നതിനുള്ള ഖരമാലിന്യസംസ്‌കരണ സംവിധാനവും തയ്യാറാക്കുന്നുണ്ട്. പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതുവരെ ബ്രഹ്മപുരത്തേക്കാണ് മാലിന്യം കൊണ്ടുപോവുക. നിലവിൽ പഴയ മാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാരികളെ കലൂർ മാർക്കറ്റിലേക്ക് പുനരധിവസിപ്പിക്കും.
കൊച്ചിനഗരത്തിലെ ജനങ്ങൾക്ക് ആധുനികസൗകര്യങ്ങൾ ഉൾപ്പെടുന്ന മാർക്കറ്റ് എന്ന ആവശ്യം ഗൗരവത്തോടെ കണ്ട് ജി.സി.ഡി.എയുടെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞവർഷം ആരംഭിച്ച നവീകരണപ്രവർത്തനങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
കെ. ചന്ദ്രൻപിള്ള
ചെയർമാൻ
ജി.സി.ഡി.എ