ldf-paravur

പറവൂർ: ലൈഫ് - പി.എം.എ.വൈ ഭവന ഗുണഭോക്താക്കളെ ദുരിതത്തിലാക്കുന്ന പറവൂർ നഗരസഭയുടെ നിലപാടിൽ പ്രതിഷേധിച്ച് ഗുണഭോക്താക്കളോടൊപ്പം എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ പ്രതിഷേധസമരം നടത്തി. നഗരസഭയുടെ അനാസ്ഥ മൂലം 110 ഓളം കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. നഗരസഭയുടെ നിൻദേശാനുസരണം നിലവിലുള്ള വീടുകൾ ഇവർ പൊളിച്ചു കളഞ്ഞിരുന്നു. പുതിയ വീടിന്റെ നിർമാണം തുടങ്ങിയെങ്കിലും ഗഡുക്കൾ നൽകിയില്ല. വീടുപണി മുടങ്ങിയ അവസ്ഥയിലാണ്. പണം കുറവുള്ള നഗരസഭകൾ ഹഡ്കോ പോലുള്ള ഏജൻസികളിൽ നിന്ന് വായ്പയെടുത്ത് നൽകണമെന്ന സർക്കാർ നിർദ്ദേശം സമയബന്ധിതമായി നടപ്പിലാക്കാനും പറവൂർ നഗരസഭക്കായില്ലെന്ന് പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ പറഞ്ഞു. കൗൺസിലർമാരായ കെ.ജെ. ഷൈൻ, എൻ.ഐ. പൗലോസ്, ജ്യോതി ദിനേശൻ, എം.കെ. ബാനർജി, ജയ ദേവാനന്ദൻ, ആർ.എസ്. സജിത, നിമിഷ രാജൻ എന്നിവർ സംസാരിച്ചു.