
കൊച്ചി: അടിസ്ഥാന സൗകര്യങ്ങളും ലോക്കപ്പും മറ്റും ഇല്ലാതെ പ്രവർത്തിക്കുന്ന എളമക്കര പൊലീസ് സ്റ്റേഷന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് എളമക്കരയിലെ പൊതുപ്രവർത്തകരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന എളമക്കര, ഇടപ്പള്ളി, കലൂർ, അഞ്ചുമന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്രയമായ സ്റ്റേഷന് സ്വന്തം കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇവർ അഭ്യർത്ഥിച്ചു.
എളമക്കര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ സർക്കാർ ഭൂമി ലഭ്യമല്ലാത്തതാണ് പ്രശ്നം. റീസർവ്വേ പൂർത്തിയാകുമ്പോൾ സർക്കാർ പുറമ്പോക്ക് ലഭ്യമാകാൻ സാദ്ധ്യതയുണ്ട്. സ്ഥലം ലഭിച്ചാൽ കൊച്ചി കോർപ്പറേഷനും ആവശ്യമായ പിന്തുണ നൽകും.
അഡ്വ.എം.അനിൽകുമാർ
മേയർ, കൊച്ചി നഗരസഭ
നഗരത്തിൽ ഏറ്റവുമധികം കേസുകളെത്തുന്ന പൊലീസ് സ്റ്റേഷനുകളിലൊന്നാണ് എളമക്കര, ആറര സെന്റിലെ പഴഞ്ചൻ കെട്ടിടം സേനയ്ക്ക് തന്നെ നാണക്കേടാണ്. എത്രയും വേഗം പുതിയ കെട്ടിടവും സ്ഥലവും കണ്ടെത്തണം. സർക്കാർ തന്നെ വിചാരിച്ചാലേ പരിഹാരമുണ്ടാകൂ. എളമക്കരക്കാർക്ക് അപമാനമാണ് ഇപ്പോഴത്തെ സ്റ്റേഷന്റെ അവസ്ഥ,
വി.ആർ.സുധീർ
മുൻഡിവിഷൻ കൗൺസിലർ
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളാണ് എളമക്കര സ്റ്റേഷന് കീഴിലുള്ളത്. അവർക്ക് ആശ്വാസവും ആശ്രയവുമാണ് ഈ സ്റ്റേഷൻ. മാന്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാകണം.
സോമൻ
പ്രസിഡന്റ്,
എസ്.എൻ.ഡി.പി. യോഗം എളമക്കര ശാഖ
പരമദയനീയമാണ് എളമക്കര സ്റ്റേഷന്റെ അവസ്ഥ. പരാതിക്കാർ സ്റ്റേഷന് പുറത്തുനിൽക്കേണ്ട സ്ഥിതിയാണ്. എത്രയും വേഗം സൗകര്യപ്രദമായ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കണം. ബൈപ്പാസ് മുതൽ അതിർത്തിയുള്ളതാണ് സ്റ്റേഷന്. പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സത്വരമായ നടപടി സർക്കാർ സ്വീകരിക്കണം.
കെ.കെ.പീതാംബരൻ
എളമക്കര
എളമക്കര പൊലീസ് സ്റ്റേഷൻ തുടങ്ങി പത്തുവർഷമായിട്ടും സ്വന്തമായി കെട്ടിടം ലഭ്യമാകാത്തത് വലിയ പരാജയമാണ്. മാറി മാറിവരുന്ന സർക്കാരുകൾ ഉത്തരവാദികളാണ്. സ്ഥലപരിമിതിയാൽ പൊലീസുകാരും സന്ദർശകരും ബുദ്ധിമുട്ടുകയാണ്. എത്രയും വേഗം നടപടി വേണം.
എൻ.അജയകുമാർ
ഇടപ്പളളി