ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ തായിക്കാട്ടുകരയിൽ പെരിയാറിനോട് ചേർന്ന് 40 സെന്റ് റവന്യൂ ഭൂമി കൈയേറി വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം വൈകുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര കമ്മിറ്റി യോഗം വിജിലൻസിന് പരാതി നൽകാൻ കഴിഞ്ഞ 20ന് തീരുമാനിച്ചെങ്കിലും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് ആക്ഷേപം. എന്നാൽ പഞ്ചായത്ത് സെക്രട്ടറി അവധിയിലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും അനുമതിയില്ലാതെ പുറമ്പോക്കിൽ വൈദ്യുതി ലൈൻ വലിച്ച കെ.എസ്.ഇ.ബിക്കെതിരെ വിജിലൻസിനും ചീഫ് എക്സിക്യുട്ടീവ് എൻജിനിയർക്കും പരാതി നൽകാനായിരുന്നു തീരുമാനം. എന്നാൽ കാടുവെട്ടിത്തെളിക്കാൻ അനുമതി നൽകിയത് മറച്ചുവയ്ക്കാനാണ് വിജിലൻസ് അന്വേഷണം വൈകിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.