thushar
ജില്ലാ കോൺഗ്രസ് കമ്മിറ്റിയും സബർമതി പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ തുഷാർ ഗാന്ധി സംസാരിക്കുന്നു. ഡോ. സിറിയക് തോമസ്, ഡോ.എം.സി. ദിലീപ്കുമാർ, മുഹമ്മദ് ഷിയാസ്, ആനന്ദ് പട്‌വർദ്ധൻ എന്നിവർ സമീപം

കൊച്ചി: മഹാത്മാഗാന്ധി പൊതുരംഗത്ത് കടന്നുവരുമ്പോൾ രാജ്യത്ത് നിലനിന്നതിന് സമാനമാണ് ഇന്നത്തെ അവസ്ഥയെന്ന് ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി പറഞ്ഞു. സംഘപരിവാർ ഭരണത്തിൽ ആൾക്കൂട്ട കൊലപാതകങ്ങൾ, ജാതിവെറിയിൽ നിന്നുണ്ടാകുന്ന മനുഷ്യത്വവിരുദ്ധ അക്രമങ്ങൾ എന്നിവ പതിവായതായി അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ പ്രസിഡന്റായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയും സബർമതി പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഴുവൻ ജനവിഭാഗങ്ങളെയും ഒരുകുടക്കീഴിൽ അണിനിരത്തിയാണ് ഗാന്ധിജി സ്വാതന്ത്ര്യത്തിലേക്ക് രാജ്യത്തെ നയിച്ചത്. സമത്വവും സാഹോദര്യവും മതേതരത്വവും സഹവാർത്തിത്വവും പഠിപ്പിച്ച ഗാന്ധിജിയുടെ ആശയപ്രചാരകർക്ക് മാത്രമേ സംഘപരിവാറിനെ ചെറുക്കാനാകൂ. അവരെ ആശയപരമായി നവീകരിക്കുകയാണ് ചെയ്യേണ്ടത്. അതിൽ തോറ്റാൽ തോൽക്കുന്നത് ഇന്ത്യ മാത്രമല്ല, ഗാന്ധി കൂടിയാണെന്നും തുഷാർ ഗാന്ധി പറഞ്ഞു.

മുൻ വൈസ് ചാൻസലർമാരായ ഡോ. സിറിയക് തോമസ്, ഡോ.എം.സി. ദിലീപ്കുമാർ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ചലച്ചിത്രകാരൻ ആനന്ദ് പട്‌വർദ്ധൻ, ഡോ.ടി.എസ്. ജോയി, സി.പി. ജോയി, അബ്ദുൾ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.