കൊച്ചി: എസ്.എൻ.ഡി.പി യോഗത്തെയും ഈഴവ സമുദായ ഐക്യത്തെയും ശിഥിലമാക്കാൻ ശ്രമിക്കുന്നവരുടെ കരണത്തേറ്റ അടിയാണ് സുപ്രീം കോടതി വിധിയെന്ന് എസ്.എൻ.ഡി.പി. യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി പ്രസ്താവനയിൽ പറഞ്ഞു.

യോഗത്തെ പിരിച്ചു വിടണമെന്ന ആവശ്യമുന്നയിച്ച് ചില യോഗവിരുദ്ധർ ദീർഘകാലമായി നടത്തിവന്ന കേസിലാണ്

തിരിച്ചടി ഉണ്ടായത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗത്തിനുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമുദായ പുരോഗതിക്ക് തടസം നിൽക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്ന് അദ്ദേഹം പറഞ്ഞു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയർപ്പിച്ച് ഇന്ന് വൈകിട്ട് 5ന് സമുദായ സ്നേഹികൾ പറവൂർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

യോഗത്തിന് ഉൗർജമാകുന്ന

വിധി: കണയന്നൂർ യൂണിയൻ

എസ്.എൻ.ഡി.പി. യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനുമെതിരെ എല്ലാ മര്യാദകളും ലംഘിച്ച് അനാവശ്യമായ നിയമയുദ്ധങ്ങളും കുതന്ത്രങ്ങളും നടത്തുന്നവർക്കെതിരായ സന്ദേശമാണ് സുപ്രീം കോടതി വിധിയെന്ന് യോഗം കണയന്നൂർ യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു. ഗുരുദേവൻ തുടക്കം കുറിച്ച പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവർ യോഗവിരുദ്ധരാണ്. യോഗം പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നവർ ഗുരുവിനെ അംഗീകരിക്കുന്നവരല്ല. അവരെ സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞു. എസ്.എൻ.ഡി.പി. യോഗം പ്രവർത്തകർക്ക് ഉൗർജം നൽകുന്നതാണ് സുപ്രീം കോടതി ഉത്തരവെന്നും യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൺവീനർ എം.ഡി.അഭിലാഷ്, വൈസ് ചെയർമാൻ വിജയൻ പടമുകൾ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.