
കൊച്ചി: സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും മികച്ച പ്രകടനവുമായി മുന്നേറ്റം തുടർന്ന് വൈറ്റില ടോക്ക്.എച്ച് പബ്ലിക് സ്‌കൂൾ. രണ്ടാം ദിനത്തിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 552 പോയിന്റുമായാണ് ടോക്ക.എച്ചിന്റെ കുതിപ്പ്.
542 പോയിന്റുമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളും 500 പോയിന്റുമായി കാക്കനാട് ഭവൻസ് ആദർശ വിദ്യാലയവുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്‌കൂളിൽ ഒരുക്കിയ 17 വേദികളിലായാണ് രണ്ടാം ദിവസ മത്സരങ്ങൾ.
വിവിധ വിഭാഗങ്ങളിലായി ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, മോണോ ആക്ട്, മിമിക്രി, പാശ്ചാത്യ സംഗീതം, ഗിറ്റാർ, ലളിതഗാനം, ഇംഗ്ലീഷ്-ഹിന്ദി-സംസ്‌കൃത പദ്യ പാരായണം, ബാൻഡ്, മലയാളം-ഇംഗ്ലീഷ് - ഹിന്ദി പ്രസംഗ മത്സരം, പോസ്റ്റർ ഡിസൈൻ, ഓയിൽ പെയ്ന്റിംഗ് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം.
ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് സ്‌കൂളുകളും പോയിന്റും
കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ---476
ഭവൻസ് വിദ്യാമന്ദിർ ഗിരിനഗർ--- 471
ഭവൻസ് മുൻഷി വിദ്യാശ്രമം തിരുവാങ്കുളം--- 444
വടുതല ചിന്മയ വിദ്യാലയ--- 440
ഭവൻസ് വിദ്യാമന്ദിർ എരൂർ--- 425
ഭവൻസ് വിദ്യാമന്ദിർ എളമക്കര--- 399
ഭവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയ, വെള്ളൂർ--- 365
ഇന്ന് സമാപനം
കൗമാരപ്രതിഭകളുടെ കലാ പ്രകടനങ്ങൾക്ക് വേദിയായ സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവം ഇന്ന് സമാപിക്കും. തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്‌കൂളിൽ വൈകിട്ട് 4.30ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ കൊച്ചി സഹോദയ പ്രസിഡന്റും കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ പ്രിൻസിപ്പലുമായ വിനുമോൻ മാത്യു വിജയികൾക്ക് ട്രോഫി സമ്മാനിക്കും.
ചടങ്ങിൽ എരൂർ ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പലും കൊച്ചി സഹോദയ ട്രഷററുമായ ഇ. പാർവതി, വടുതല ചിന്മയ വിദ്യാലയ പ്രിൻസിപ്പലും കൊച്ചി സഹോദയ സെക്രട്ടറിയുമായ വി. പ്രതിഭ, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പ്രിൻസിപ്പലും സഹോദയ വൈസ് പ്രസിഡന്റുമായ എം.ആർ. രാഖി പ്രിൻസ്, കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പ്രേമലത ഷാജി എന്നിവർ പങ്കെടുക്കും.