jobin

ന്യൂഡൽഹി: ജില്ലാ ജഡ്‌ജി പദവിയിലുള്ള നാല് ജുഡീഷ്യൽ ഓഫീസർമാരെ കേരള ഹൈക്കോടതി ജഡ്‌ജിമാരാക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ. കെ.വി.ജയകുമാർ, എസ്.മുരളീ കൃഷ്‌ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി.ബാലകൃഷ്‌ണൻ എന്നിവരെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ് എന്നിവരടങ്ങിയ കൊളീജിയം ശുപാർശ ചെയ്തത്. ശുപാർശ കേന്ദ്രസർക്കാരിന് കൈമാറി.

അതേസമയം, 2023 ഒക്ടോബറിൽ കൊളീജിയം ശുപാർശ ചെയ്ത പി.കൃഷ്‌ണകുമാറിന്റെ നിയമനം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇപ്പോൾ ശുപാർശ ചെയ്ത നാലു പേർക്കും കൃഷ്‌ണകുമാറിന് താഴെയായി സീനിയോറിറ്റി നിശ്ചയിക്കണമെന്നും കൊളീജിയം നിർദ്ദേശിച്ചു. നിലവിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് പി. കൃഷ്‌ണകുമാർ.

മൂന്നുപേർ ഒരേ ബാച്ചുകാർ

എസ്. മുരളീ കൃഷ്‌ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി.ബാലകൃഷ്‌ണൻ എന്നിവർ 2014 മാർച്ച് 10ന് ഒരേ ദിവസം ജുഡീഷ്യൽ സർവീസിൽ ചേർന്നവരാണ്. ആലപ്പുഴ സ്വദേശിയായ ജോബിൻ സെബാസ്റ്റ്യൻ 2024 ഏപ്രിൽ മുതൽ ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാറാണ്. തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്ജി, മൂവാറ്റുപുഴ സെഷൻസ് ജഡ്ജി, ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എന്നീ പദവികളും വഹിച്ചു. ന്യൂനപക്ഷ സമുദായ അംഗമെന്നതും പരിഗണിച്ചു.

മുരളീ കൃഷ്ണ കോഴിക്കോടും പി.വി. ബാലകൃഷ്ണൻ തിരുവനന്തപുരത്തും ജില്ലാ സെഷൻസ് ജഡ്ജിമാരാണ്. 2022 ജനുവരി മുതൽ ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറായി പ്രവർത്തിക്കുകയാണ് കെ.വി. ജയകുമാർ. തലശേരിയിൽ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു.