pic

* അപകടം ചീയപ്പാറയ്ക്ക് സമീപം

അടിമാലി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കും ആറാം മൈലിനുമിടയിൽ കെ.എസ്ആർടി.സി ബസ് മറിഞ്ഞ് എട്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. മൂന്നാറിൽനിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയിലാണ് അപകടത്തിൽപ്പെട്ടത്.

ശൂരനാട് സൗത്ത് രഞ്ജുഭവൻ മധുസൂദനൻ പിള്ള (46), തൊടുപുഴ പെരുമ്പിള്ളിച്ചിറ ചൂരവേലിൽ സി.എ. ലത്തീഫ് (43), ഈരാറ്റുപേട്ട കണ്ടത്തിൽ മനു ജോസഫ് (43), കോട്ടയം പാരണായിൽ അരവിന്ദ് അജി (29), കൊട്ടാരക്കര ലളിതാഭവൻ ജിമ്മി ശശിധരൻ (46), കോട്ടയം ചിങ്ങവനം അപ്പോളിൻ കെസിയ ടി. മീന (25) എന്നിവരെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ കുഴിക്കാട്ടിൽ ഷാലിബാബു (54) തൊടുപുഴ മടക്കത്താനം പുതിയേടത്ത് ജുബിയ ജോയ് (33) എന്നിവരെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നേര്യമംഗലം വനമേഖലയിൽ ഇന്നലെ മഴയായിരുന്നു. ബസ് എതിർദിശയിൽ വന്ന ട്യൂറിസ്റ്റ് ബസിന് സൈഡ് കൊടുക്കുന്നതിനിടെ പാതയോരം ഇടിഞ്ഞ് 40 അടിയോളം താഴേയ്ക്ക് പതിക്കുകയായിരുന്നു. രണ്ടുതവണ കരണം മറിഞ്ഞെങ്കിലും ബസ് മരത്തിൽ ഉടക്കിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. മറ്റ് വാഹനങ്ങളിലെത്തിയവരും സമീപവാസികളും രക്ഷാപ്രവർത്തനം നടത്തി.അടിമാലിയിൽനിന്ന് ഫയർഫോഴ്സും പൊലീസുമെത്തി.