വൈപ്പിൻ: വൈപ്പിൻ, മുനമ്പം ഹാർബറുകളിലെ മത്സ്യകയറ്റിറക്ക് തൊഴിലാളികൾ നാലുദിവസമായി നടത്തിവന്ന പണിമുടക്ക് സമരം ഒത്തുതീർന്നു. ചൊവ്വാഴ്ച വൈകിട്ട് മുനമ്പത്ത് തരകൻസ് ഭാരവാഹികളുടെ നേതൃത്വത്തിൽ തൊഴിലാളി പ്രതിനിധികളും കച്ചവടക്കാരുടെ പ്രതിനിധികളും ചേർന്ന് നടന്ന ചർച്ചയിൽ രണ്ടുകൂട്ടരും സമരം അവസാനിപ്പിക്കുന്നതിനായി വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെയാണ് പരിഹാരമായത്. ഇന്നുമുതൽ ഹാർബർ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കും.

സി.ഐ.ടി.യു, ബി.എം.എസ്, ഐ.എൻ.ടി.യു.സി വിഭാഗങ്ങളിലുള്ള എല്ലാ തൊഴിലാളികളും സമരത്തിൽ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു.
തൊഴിലാളി യൂണിയൻ നേതാക്കളായ എ. എസ്. അരുണ, എ. കെ. ഗിരീഷ്, എ. കെ. ഉല്ലാസ് (സി.ഐ.ടി.യു), എം. ജെ. ടോമി (ഐ.എൻ.ടി.യു.സി), വി. വി. അനിൽ, സി. എസ്. സുനിൽകുമാർ (ബി.എം.എസ്), സി. എസ്. ശുലപാലി, സ്വാതിഷ്‌കുമാർ, തമ്പി കുഴുവേലി (തരകൻസ് അസോസിയേഷൻ), നൗഷാദ് കറുകപ്പാടത്ത്, എ. ആർ. ബിജുകുമാർ, പി.എസ്. ഷൈൻകുമാർ (മർച്ചന്റ്‌സ് അസോസിയേഷൻ) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.