* സഹയാത്രികന് ഗുരുതര പരിക്ക്
പെരുമ്പാവൂർ: വല്ലം പാറപ്പുറം കടവ് പാലത്തിനു സമീപത്തെ ഓണത്തോട് പാലത്തിന്റെ ഡിവൈഡറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് 25 അടിതാഴ്ചയുള്ള തോട്ടിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന ഈസ്റ്റ് ഒക്കൽ വടക്കൻവീട്ടിൽ അലി അക്ബറാണ് (32) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒക്കൽ മുളാടൻവീട്ടിൽ അലിയുടെ മകൻ അബിനാസിന് (32) ഗുരുതരമായി പരിക്കേറ്റു. റോഡിൽ തലയിടിച്ചു വീണ അലി അക്ബറെ ഉടനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുഞ്ഞുമുഹമ്മദാണ് പിതാവ്. മാതാവ്: സൈനബ. സഹോദരങ്ങൾ: അലിഅസ്ഹർ, ഫാത്തിമ.
പെരുമ്പാവൂർ ഫയർഫോഴ്‌സ് എത്തി 25അടി താഴ്ചയിൽനിന്ന് വല ഉപയോഗിച്ച് രക്ഷപ്പെടുത്തിയ അബനാസ് അലി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് അപകടം.
അസി. ഫയർസ്റ്റേഷൻ ഓഫീസർ എം.സി. ബേബി, ഫയർ ഓഫീസർമാരായ പി.എസ്. ഉമേഷ്, ബൈജു ടി. ചന്ദ്രൻ, എസ്. കണ്ണൻ, എം.കെ. മണികണ്ഠൻ. ഹോം ഗാർഡുമാരായ ബെന്നി ജോർജ്, ടോമി ജോസഫ് , സാജു എബ്രഹാം എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.