
ഹൈദരാബാദ്: പ്രമുഖ ഡ്രോൺ ടെക്‌നോളജി കമ്പനിയായ മാരുത് ഡ്രോൺസ്, കാർഷികരംഗത്ത് ഡ്രോൺ സാങ്കേതികവിദ്യ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സൗജന്യമായി ഡി.ജി.സി.എ സർട്ടിഫൈഡ് പൈലറ്റ് പരിശീലനം നൽകും. ഇതിലൂടെ ഉപഭോക്താക്കൾക്ക് 10 വർഷം സാധുതയുള്ള ഡി.ജി.സി.എ സർട്ടിഫൈഡ് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. കാർഷിക ആവശ്യങ്ങൾക്കായി ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന വ്യക്തികൾ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നേടണം. ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി..സിഎ) ഈ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഒക്‌ടോബറിൽ കാർഷിക സീസൺ ആരംഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് മാരുത് ഡ്രോൺസ് സൗജന്യ പരിശീലനം നൽകും. സാധാരണയായി 42,000 രൂപ ചെലവ് വരുന്ന പരിശീലന പരിപാടിയാണിത്.