
എറണാകുളം ജില്ലയിൽ സി.പി.എം പ്രാദേശിക ഘടകങ്ങളുടെ സമ്മേളനങ്ങൾ പുരോഗമിക്കുമ്പോൾ പലയിടത്തും പൊട്ടിത്തെറികൾ. പൂണിത്തുറയിൽ സഖാക്കൾ തമ്മിലടിച്ചപ്പോൾ ഉദയംപേരൂരിൽ അണികൾ കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു. ഫോർട്ടുകൊച്ചിയിൽ തർക്കം കാരണം ലോക്കൽ സെക്രട്ടറി തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ജില്ലാ സമ്മേളനത്തിലേക്ക് കടക്കുമ്പോൾ വിഭാഗീയത ഒടുങ്ങുമോ അതോ വർദ്ധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്
സി.പി.എം വിഭാഗീയതയുടെ തടവറയിലായിരുന്ന കാലത്ത് എറണാകുളം ജില്ല ശ്രദ്ധാകേന്ദ്രമായിരുന്നു. അണികൾ ആശയപരമായി വിഭജിക്കപ്പെട്ടു. നേതാക്കൾ വെട്ടിനിരത്തപ്പെട്ടു. ഇന്ന് വാഴ്ത്തപ്പെട്ടവർ നാളെ വീഴുമെന്ന സ്ഥിതിയായി. വാണിജ്യ വ്യവസായ കേന്ദ്രം കൂടിയായ ജില്ലയിൽ പാർട്ടിയും സി.ഐ.ടി.യു ഘടകവും ചേരിതിരിഞ്ഞു. തൊണ്ണൂറുകളുടെ അവസാനത്തിൽ 'സേവ് സി.പി.എം. ഫോറം" ഉദയം ചെയ്തു. ആദ്യം ഒളിഞ്ഞും പിന്നീട് തെളിഞ്ഞും പാർട്ടിക്കുള്ളിൽ ഉൾപ്പോരുകൾ ശക്തമാക്കി. പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളിൽ വിമതലേഖനങ്ങളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു. വിഭാഗീയതയുടെ പേരിൽ വി.ബി.ചെറിയാനും അപ്പുക്കുട്ടൻ വള്ളിക്കുന്നുമടക്കം പുറത്തായി.
ശുദ്ധീകരണം താത്ക്കാലികമായിരുന്നു. പാർട്ടിയിലും ഭരണത്തിലും വി.എസ് - പിണറായി ദ്വന്ദയുദ്ധത്തിന്റെ ദശകമാണ് പിന്നീട് കടന്നുവന്നത്. എറണാകുളത്തും ശാക്തിക ചേരികൾ രൂപംകൊണ്ടു. ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിക്യാമറ വയ്ക്കാനുള്ള പാടവം വരെ സഖാക്കൾ കാണിച്ചു. കഴിഞ്ഞ ദശകം ഏറെക്കുറെ ശാന്തമായിരുന്നു. പിണറായി വിജയനെന്ന വൻമരത്തിന് കീഴിൽ എതിർസ്വരങ്ങൾ ഉയർന്നില്ല. എന്നാൽ സി.പി.എം വീണ്ടുമൊരു സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ എറണാകുളം ജില്ലയിൽ അവിടവിടെ പൊട്ടിത്തെറികൾ കേട്ടു തുടങ്ങി. അടിപൊട്ടിയ ഇടവുമുണ്ടെന്നതാണ് വാസ്തവം.
പൂണിത്തുറയിലെ കയ്യാങ്കളി
സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി നേതാക്കളാണ് കഴിഞ്ഞ 5ന് രാത്രി പാർട്ടി ഓഫീസിനുള്ളിലും റോഡിലും തമ്മിലടിച്ചത്. അഴിമതി ചർച്ചയെ തുടർന്ന് ചേരിതിരിഞ്ഞുണ്ടായ അടിപിടിയിൽ ഇരുപക്ഷത്തുമുള്ളവർക്ക് പരിക്കേറ്റിരുന്നു.
ഒരു ലോക്കൽ കമ്മിറ്റി അംഗവും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി. ലോക്കൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.ആർ. സത്യന്റെ പരാതിയിൽ ലോക്കൽ കമ്മിറ്റിയംഗം സുരേഷ് ബാബു, ചമ്പക്കര വല്ലൂർ ബ്രാഞ്ച് സെക്രട്ടറി ബി. ബൈജു, അയ്യങ്കാളി ബ്രാഞ്ച് സെക്രട്ടറി സൂരജ് ബാബു, അയ്യങ്കാളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.എസ്. സനീഷ്, ഡി.വൈ.എഫ്.ഐ. തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയംഗം കെ.ബി. സൂരജ്, പാർട്ടി മെമ്പർ സുനിൽകുമാർ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. പൂണിത്തുറ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടി.പി. ദിനേശനും മറ്റു ചിലർക്കുമെതിരെ ഒരു വർഷത്തിലേറെയായി പുകയുന്ന അഴിമതി ആരോപണങ്ങളാണ് പാർട്ടിയെ നാണം കെടുത്തിയ സംഭവങ്ങളിലേക്ക് നയിച്ചത്.
ദിനേശനെതിരെ വൈറ്റില പേട്ടയിലെ സ്ത്രീ നൽകിയ സാമ്പത്തിക പരാതി ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വിളിച്ച യോഗത്തിൽ ദിനേശന് അനുകൂലമായി സെക്രട്ടറി സംസാരിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പുതുതായി തിരഞ്ഞെടുത്ത ബ്രാഞ്ച് സെക്രട്ടറിമാർ ഓഫീസിന് പുറത്തുണ്ടായിരുന്നു. ഇവരും തർക്കത്തിന്റെ ഭാഗമായതോടെ കൂട്ടഅടിയായി.
ഇതേ വിഷയത്തിൽ രണ്ടു മാസം മുമ്പ് പൂണിത്തുറ ലോക്കൽ കമ്മിറ്റിയിലെ ഏഴ് അംഗങ്ങളും 15 ബ്രാഞ്ച് സെക്രട്ടറിമാരിൽ പത്തു പേരും രാജി സമർപ്പിച്ചിരുന്നു. ദിനേശനെ ചുമതലയിൽ നിന്ന് മാറ്റിയാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ ഇക്കുറി കയ്യാങ്കളി നടന്നതോടെ പൂണിത്തുറ ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു.
എട്ടുപേരെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ആരോപണ വിധേയരായിരുന്ന രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ ഉൾപ്പെടെ എട്ടുപേരെയാണ് ജില്ലാ കമ്മിറ്റി ഇടപെട്ട് പുറത്താക്കിയത്.
നവീൻബാബുവിനെ
പരാമർശിച്ച കുറിപ്പ്
പൂണിത്തുറയിലെ തമ്മിലടിക്ക് പിന്നാലെ, പാർട്ടിയുടെ പ്രാദേശിക നേതാവായിരുന്ന വി.പി. ചന്ദ്രൻ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വൈകാരിക കുറിപ്പും ചർച്ചയായി. എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ വിഷയമടക്കം പരാമർശിച്ചായിരുന്നു കുറിപ്പ്. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച പണം തിരിച്ചടച്ചില്ലെന്നാരോപിച്ച്, തൃക്കാക്കര ഏരിയാ കമ്മിറ്റിയംഗമായിരുന്ന ചന്ദ്രനെ നേരത്തേ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പൂണിത്തുറ ലോക്കലിൽ വിമതപക്ഷത്തുനിന്ന നേതാവ് കൂടിയായിരുന്നു ചന്ദ്രൻ.
''ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ പിടിച്ചു നിൽക്കാൻ, ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക കരുത്ത് വേണം'' എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട അധികാര രാഷ്ട്രീയത്തിന്റെയും അഹന്തയുടേയും മറ്റൊരു ഇരയാണ് താൻ.
പുറത്താക്കിയ അന്നുതൊട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിലാണ് ഞാൻ അടക്കമുള്ള പൂണിത്തുറയിലെ ആദർശ ധീരരായ പാർട്ടി സഖാക്കളെ തീർത്തും കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഒരാളെ ഇല്ലായ്മ ചെയ്യാൻ എന്തെല്ലാം കള്ളക്കഥകൾ മെനയുമെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിതെന്നും വി.പി. ചന്ദ്രൻ കുറിച്ചു.
കോൺഗ്രസിൽ
ചേക്കേറിയവർ
ഉദയംപേരൂരിൽ 73 പേർ സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നതാണ് പ്രാദേശിക വിഭായീയതയുടെ മറ്റൊരു ക്ലൈമാക്സ്. മുൻ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എൽ. സുരേഷിന്റെ നേതൃത്വത്തിലാണ് സി.പി.എം പ്രവർത്തകർ പാർട്ടി വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട തർക്കമാണ് സ്ത്രീകളടക്കമുള്ളവർ പാർട്ടി വിടുന്നതിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽനിന്ന് ഇവർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയും ചെയ്തു. പാർട്ടി വിട്ടവരിൽ 8 ലോക്കൽ കമ്മിറ്റിയംഗങ്ങളുമുണ്ട്. ഉൾപ്പാർട്ടി പ്രശ്നങ്ങളും സി.പി.ഐയുമായുള്ള പിണക്കവും സി.പി.എമ്മിന് എന്നും തലവേദന സൃഷ്ടിക്കുന്ന മേഖലയാണ് ഉദയംപേരൂർ.
ഫോർട്ട്‌കൊച്ചിയിലും ഫൈറ്റ്
പശ്ചിമകൊച്ചി ഏരിയയിൽ നടന്ന ആദ്യ ലോക്കൽ സമ്മേളനം ഫോർട്ട്‌കൊച്ചിയിലായിരുന്നു. സെക്രട്ടറി തിരഞ്ഞെടുപ്പിനെ ചൊല്ലി അവിടെ തർക്കമുണ്ടായി. ലോക്കൽ കമ്മിറ്റിയിലേക്ക് 13 അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. അതിനുശേഷം കമ്മിറ്റിയംഗങ്ങൾ ചേർന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ തുടങ്ങുമ്പോഴാണ് രണ്ടു പേരുകൾ വന്നത്. ക്ലേ സ്റ്റീഫന്റെയും ജോജോ ആന്റണിയുടെയും പേരുകളാണ് അംഗങ്ങൾ നിർദ്ദേശിച്ചത്. രണ്ടുപേരുകൾ വരുമ്പോൾ വോട്ടെടുപ്പുനടത്താറുണ്ട്. എന്നാൽ ഫോർട്ട്‌കൊച്ചിയിൽ വോട്ടിംഗ് ഒഴിവാക്കാനാണ് നേതൃത്വം നിർദ്ദേശിച്ചത്. ഇതേച്ചൊല്ലിയാണ് തർക്കമുണ്ടായത്.
രണ്ടുകൂട്ടരുമായി ചർച്ചനടത്തി സമവായമുണ്ടാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമവും പരാജയപ്പെട്ടു. രണ്ടു പേരും പിന്മാറാൻ തയ്യാറായില്ല. ലോക്കൽ കമ്മിറ്റി പിന്നീടുചേർന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കാമെന്ന ധാരണയിൽ സമ്മേളനം പിരിയുകയായിരുന്നു.
എറണാകുളം ജില്ലയിൽ സി.പി.എം കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളാണ് പുരോഗമിക്കുന്നത്. അതിനാൽ പ്രാദേശിക വിഷയങ്ങളിലാണ് തർക്കം. ജില്ലാ സമ്മേളനത്തിലേക്ക് കടക്കുമ്പോൾ പ്രശ്‌നങ്ങൾ വലുതാകുമോ അതോ കെട്ടടങ്ങുമോ എന്നാണറിയേണ്ടത്.