
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ മെറിറ്റ് സ്കോളർഷിപ്പിന് എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 500 പേർക്കാണ് ലഭിക്കുക. 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്. തുക പ്രതിവർഷം 48,000 രൂപ. എൻജിനിയറിംഗ്, മെഡിസിൻ, മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളായ ബിസിനസ് അഡ്മിനിസ്ട്രേഷൻ, ജിയോഫിസിക്സ്, ജിയോളജി എന്നിവയ്ക്ക് ഫുൾ ടൈം കോഴ്സ് പഠിക്കുന്ന ആദ്യവർഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഇന്ത്യയിൽ പഠിക്കുന്ന ഇന്ത്യൻ പൗരൻമാർക്കാണ് അവസരം. എം.ബി.ബി.എസ്, എൻജിനിയറിംഗ് വിദ്യാർത്ഥികൾ പ്ലസ് ടു തലത്തിൽ കുറഞ്ഞത് 60% മാർക്ക് നേടിയവരാകണം. ബിരുദ തലത്തിൽ 60% മാർക്ക് നേടി മാസ്റ്റേഴ്സ് ഡിഗ്രിക്ക് പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകന്റെ വാർഷിക കുടുംബ വരുമാനം 4.50 ലക്ഷത്തിൽ അധികമാകാൻ പാടില്ല. ഉയർന്ന പ്രായപരിധി 30. പഠന നിലവാരം തൃപ്തികരമെങ്കിൽ തുടർ വർഷങ്ങളിലും സ്കോളർഷിപ് ലഭിക്കും. അതേസമയം, പരീക്ഷകളിൽ 50 ശതമാനത്തിൽ താഴെയാണ് മാർക്കെങ്കിൽ ആ വർഷം സ്കോളർഷിപ് ലഭിക്കില്ല. സ്കോളർഷിപ്പിന് യോഗ്യരായവരുടെ പട്ടിക ഡിസംബർ പകുതിയോടെ www.ongcindia.com വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.