1
നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്ന ഫോർട്ടുകൊച്ചി ബോട്ടുജെട്ടി നിർമ്മാണം

ഫോർട്ടുകൊച്ചി: ആയിരക്കണക്കിനാളുകൾ യാത്രചെയ്യാനെത്തുന്ന ഫോർട്ടുകൊച്ചി കസ്റ്റംസ് ബോട്ടുജെട്ടി നവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. മൂന്നരമാസത്തിലേറെയായി ജെട്ടിയുടെ നവീകരണം ഒച്ചിഴയും വേഗതയിലാണ്. ബോട്ടുജെട്ടിയിലേക്കുള്ള നടപ്പാത പൊളിച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർക്ക് ജെട്ടിയിലേക്കെത്തുന്നതിന് വലിയ പ്രയാസമാണ് നേരിടുന്നത്. സി.എസ്.എം.എൽ പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുന്നതായി ആക്ഷേപം ശക്തമായിരിക്കെ നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബോട്ട് ജെട്ടിയുടെ നവീകരണവും ഇഴഞ്ഞ് നീങ്ങുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യാത്രക്കാർ കുഴിയിൽ വീണ് പരിക്കേൽക്കുന്നതും പതിവാണ്.

സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിൽ എൺപതുലക്ഷംരൂപ വിനിയോഗിച്ചാണ് ജെട്ടി നവീകരണ പ്രവൃത്തികൾ നടത്തുന്നത്. ഫോർട്ടുകൊച്ചിയുടെ പൈതൃകത്തനിമയോടെ മനോഹരമായ രീതിയിൽ ജെട്ടി നവീകരണം നടത്തുവാനാണ് പദ്ധതി. അലങ്കാര വിളക്കുകൾ, കോർട്ട് യാർഡ്, ഇരിപ്പിടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്.

സമരം നടത്തും

ബോട്ടുജെട്ടി നവീകരണ ജോലികൾ അടിയന്തരമായി പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകും.

എ.ജലാൽ, ജനകീയസമിതി കൺവീനർ

നിരവധി യാത്രക്കാരാണ് ദുരിതത്തിൽ. അടിയന്തിരമായി ജെട്ടി നിർമ്മാണം പൂർത്തിയാക്കണം.

മുജീബ് ,എസ് കമറു

സാമൂഹ്യ പ്രവർത്തകൻ