കൊച്ചി: കൊച്ചിയിലെ നൈറ്റ് ലൈഫിന് പുതിയ വൈബ് നൽകാൻ ഇന്ദ്ര ബോട്ട് രാത്രിയും കായൽയാത്ര ആരംഭിക്കും. രാത്രിയിൽ കൊച്ചിയിലെ കായൽസൗന്ദര്യം ആസ്വദിക്കാൻ പുതിയ പദ്ധതിയാണ് ജലഗതാഗതവകുപ്പ് ഒരുക്കുന്നത്. രാജ്യത്തെ ആദ്യ സൗരോർജ വിനോദസഞ്ചാരബോട്ടാണ് ഇന്ദ്ര.
രാത്രിയാത്രയുടെ ശുപാർശ വകുപ്പ് സർക്കാരിന് സമർപ്പിക്കും. ഇതിനുശേഷം നിരക്ക് നിശ്ചയിക്കും. നിലവിലേക്കാളും കുറഞ്ഞ നിരക്കിലായിരിക്കും സർവീസ്. സ്വകാര്യ ബോട്ടുകളടക്കം രാത്രിയിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇവയെല്ലാം ഒരു ഹള്ളുള്ള ബോട്ടുകളാണ്. ഇന്ദ്ര ഇരട്ടഹള്ളുള്ള ബോട്ടാണ്. സ്വകാര്യ ബോട്ടുകളേക്കാൾ നൂറിരട്ടി സുരക്ഷിതവും നിരക്ക് കുറവുമാണ് ഇന്ദ്രയുടെ ആകർഷണം.
കൂടുതൽ സജ്ജീകരണം
കൊച്ചിക്കായലിലൂടെയുള്ള രാത്രിയാത്ര കൊച്ചിക്കാർക്കും പുറത്തുനിന്ന് എത്തുന്നവർക്കും ഏറെ ഇഷ്ടമുള്ളതാണ്. ഇത് കൂടുതൽ ആകർഷകമാക്കാൻ ബോട്ടിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കും. ബോട്ടിന്റെ താഴത്തെ നിലയിൽ മാത്രമേ നിലവിൽ മ്യൂസിക് സംവിധാനമുള്ളു. ഇത് മുകളിലത്തെ നിലയിലും സ്ഥാപിക്കും. ഒരു മണിക്കൂറാവും രാത്രിയാത്ര. 8.30ന് തിരിച്ചെത്തുന്ന തരത്തിൽ സർവീസ് നടത്താനാണ് തീരുമാനം. പിറന്നാൾ ആഘോഷം, മറ്റ് ആഘോഷ പരിപാടികൾ എന്നിവയ്ക്കും രാത്രിബോട്ട് നൽകാനും പദ്ധതിയുണ്ട്. ഇതിന് 9.30 വരെ സമയം അനുവദിക്കും. കപ്പൽച്ചാൽ ആയതിനാൽ അധികസമയം അനുവദിക്കാൻ ആവില്ല.
* കാഴ്ചകൾ ആസ്വദിക്കാം
മറൈൻഡ്രൈവ്, ബോൾഗാട്ടി പാലസ്, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, വൈപ്പിൻ, കമാലക്കടവ്, ഫോർട്ടുകൊച്ചി, വില്ലിംഗ്ഡൺ ഐലൻഡ് എന്നിവിടങ്ങളിലൂടെ ബോട്ട് സഞ്ചരിക്കും. കായലിലെ വെളിച്ചവും രാത്രി കാലങ്ങളിലെ മത്സ്യബന്ധനവും. ഡോൾഫിനുകളും കുട്ടികളെ ഉൾപ്പെടെ ആകർഷിക്കും. നിലവിൽ എറണാകുളം ബോട്ടുജെട്ടിയിൽനിന്ന് രാവിലെ 10നും വൈകിട്ട് നാലിനുമായി രണ്ട് ട്രിപ്പുകളാണ് നടത്തുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ട്രിപ്പുകൾക്ക് മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് നിരക്ക്.
ഭക്ഷണം
നിലവിൽ കുടുംബശ്രീയാണ് ഇന്ദ്രയിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. രാത്രിയിൽ ഇവർ സന്നദ്ധരാണെങ്കിൽ ഇവർക്കുതന്നെ കരാർ നൽകും. അല്ലെങ്കിൽ വേറെ പദ്ധതികൾ ആസൂത്രണം ചെയ്യും.
കൊച്ചി നഗരത്തിൽ രാത്രികാലങ്ങളിൽ എത്തുന്നവരെല്ലാം ബോട്ടിംഗ് ഏറെ ഇഷ്ടപ്പെടുന്നുണ്ട്. നൈറ്റ് ലൈഫ് ഇഷ്ടപ്പെടുന്നവർക്ക് ഇന്ദ്രയിലൂടെയുള്ള യാത്ര ആസ്വദിക്കാൻ സാധിക്കും.
ഷാജി വി. നായർ
ഡയറക്ടർ
സംസ്ഥാന ജലഗതാഗത വകുപ്പ്