കൊച്ചി: റെയിൽവേ അധികൃതർ നടപ്പാക്കിയ സിറ്റിപെർമിറ്റ് പരിഷ്‌കാരം മൂലം എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിൽ സിറ്റി പെർമിറ്റ് ഉള്ളവർക്ക് മാത്രമായി പ്രീപെയ്ഡ് ഓട്ടോ സംവിധാനം നിജപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ്. പ്രശ്‌നവുമായി ബന്ധപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രതീകാത്മക പ്രീ പെയ്ഡ് കൗണ്ടർ തുറന്നു.
നഗരപരിധിയിൽ കഴിഞ്ഞ 20 വർഷമായി പെർമിറ്റ് സിസ്റ്റം നിറുത്തലാക്കിയിരിക്കുകയാണ്. അതിനാൽ പെർമിറ്റുള്ള വണ്ടികളുടെ ക്ഷാമമുണ്ട്. 3,000 രൂപ പാർക്കിംഗ് ഫീസടച്ച ഓട്ടോകൾക്കുപോലും പ്രീപെയ്ഡ് സംവിധാനത്തിൽ സർവീസ് നടത്തുവാൻ സാധിക്കുന്നില്ലെന്നും എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എറണാകുളം മണ്ഡലം പ്രസിഡന്റ് ഷൈജിമോൾ അദ്ധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി റോക്കി ജിബിൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി വി.എസ്. സുനിൽകുമാർ, വി. മുരുകൻ, ഷിജു കെ.പി, സിജോ എസ്.ബി എന്നിവർ പ്രസംഗിച്ചു.