karumalloor-
പാർപ്പിട സമുച്ചയത്തിലെ താമസാനുമതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട നോട്ടീസ് പഞ്ചായത്ത് അധികൃതർ പതിക്കുന്നു

ആലങ്ങാട്: കോട്ടപ്പുറം അക്വാസിറ്റി പാർപ്പിട സമുച്ചയത്തിലെ താമസം റദ്ദാക്കിയതായി കാണിച്ച് അധികൃതർ നോട്ടിസ് പതിച്ചു. ആർ.ഡി.ഒയുടെ ഉത്തരവ് അനുസരിച്ചു പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരമാണ് കരുമാലൂർ പഞ്ചായത്താണ് നടപടി സ്വീകരിച്ചത്. മാലിന്യ സംസ്കരണം നടക്കാത്തതും അഗ്നി സുരക്ഷ സംവിധാനം ഒരുക്കാത്തതുമാണ് നടപടിക്ക് കാരണം. നാട്ടുകാരുടെ

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണത്തിനായുള്ള പ്ലാന്റ് ഉൾപ്പെടെ പ്രവർത്തിക്കുന്നില്ലെന്നും ശുചിമുറി മാലിന്യം വൻതോതിൽ തോടുകളിലേക്കും സമീപത്തെ

പാടത്തേക്കും ഒഴുക്കി വിടുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മാലിന്യപ്രശ്നം പരിഹരിക്കണമെന്നും അഗ്നി സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കണമെന്നും കാണിച്ച് പാർപ്പിട സമുച്ചയ ഉടമയായ ശ്രീനി പരമേശ്വരന് ആർ.ഡി.ഒ നോട്ടിസ് നൽകിയിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും ഇതൊന്നും പാലിച്ചിരുന്നില്ല.

തുടർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ പാർപ്പിട സമുച്ചയത്തിനു മുന്നിൽ പലതവണ പ്രതിഷേധം നടന്നു. ഇതോടെയാണ് ആർ.ഡി.ഒ ഉത്തരവിറക്കിയത്. ഇന്നലെ പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി നോട്ടിസ് പതിക്കുകയായിരുന്നു. എന്നാൽ, യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് നമ്പറിട്ടു നൽകിയത് കരുമാലൂർ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് താമസക്കാർ പറഞ്ഞു. പാർപ്പിട സമുച്ചയ ഉടമക്കും പഞ്ചായത്തിനും പറ്റിയ വീഴ്ചയിൽ താമസക്കാരെ ബലിയാടാക്കുന്ന നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.