കൊച്ചി: ബൈക്ക് മീഡിയനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി നിയോഫിലിം സ്‌കൂളിലെ എഡിറ്റിംഗ് വിദ്യാർത്ഥി വൈക്കം കൊച്ചുകവല വിഘ്‌നേശ്വരയിൽ ഡോ. രാധാകൃഷ്ണന്റെ മകൻ വിഘ്‌നേഷാണ് (24) മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് റൗണ്ട് എബൗട്ടിലായിരുന്നു അപകടം.
എറണാകുളത്തുനിന്ന് കാക്കനാട്ടേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റൗണ്ട് എബൗട്ടിലെ മീഡിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാക്കനാട് സ്വദേശിയായ കിരണാണ് ബൈക്ക് ഓടിച്ചിരുന്നത്. പരിക്കേറ്റ ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിഘ്‌നേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. കിരണിന്റെ കാലിനും മറ്റും സാരമായ പരിക്കുണ്ട്. അപകടനില തരണംചെയ്തു.
വിഘ്നേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.