കൊച്ചി: തിരുവനന്തപുരം പി.എം.എസ് ഡെന്റൽ കോളേജിലെ മോണരോഗ വിദഗ്ദ്ധരും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകരും ഒരുമിച്ച് നടത്തിയ മൾട്ടി ഡിസിപ്ലിനറി ഗവേഷണത്തിൽ മോണരോഗത്തിന് ഫലപ്രദമായ ചികിത്സാരീതി കണ്ടെത്തി. പല്ലിനും മോണയ്ക്കുമിടയിൽ വയ്ക്കാവുന്നതുമായ നൂതനവും ബയോ-കംപാറ്റിബിളുമായ ഫിലിം മെട്രിക്‌സാണ് സംഘം വികസിപ്പിച്ചത്. ഇതിനവർക്ക് പേറ്റന്റും ലഭിച്ചു.
മുൻകൂട്ടി നിശ്ചയിക്കുന്ന സമയദൈർഘ്യത്തിൽ നിയന്ത്രിതമായി മരുന്ന് പുറത്തുവിടുന്നതിന് പുറമേ പാർശ്വഫലങ്ങൾ ഒന്നുംതന്നെ ഇല്ലാതെ ഡീഗ്രേഡ് ചെയ്തുപോവുന്ന ഒന്നാണ് ഈ ഫിലിം മെട്രിക്‌സ്. മോണരോഗ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ കണ്ടുപിടിത്തം ഉപകരിക്കും..
പി.എം.എസ് ഡെന്റൽ കോളേജിലെ മോണരോഗവിഭാഗം മേധാവി ഡോ. അമ്പിളിയുടെ മേൽനോട്ടത്തിൽ ഗവേഷണ വിദ്യാർത്ഥിനിയായ കോതമംഗലം സെന്റ് ഗ്രീഗോറിയോസ് ഡെന്റൽ കോളേജിലെ പെരിയോഡോൺടിക്‌സ് വിഭാഗം മേധാവി പ്രൊഫ. ഡോ. അനിലയും കുസാറ്റ് ഫിസിക്സ് വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ആൽഡ്രിൻ ആന്റണിയുടെ കീഴിൽ സെന്റർ ഒഫ് എക്‌സലൻസ് ഇൻ അഡ്വാൻസ്ഡ് മെറ്റീരിയൽസിലെ ഗവേഷണ വിദ്യാർത്ഥിനി ധന്യ ജേക്കബും ചേർന്നാണ് ഈ മെട്രിക്‌സ് വികസിപ്പിച്ചെടുത്തതും പേറ്റന്റ്‌ നേടിയതും.