തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ - തേവര പാലവും അലക്‌സാണ്ടർ പറമ്പിത്തറ പാലവും ഒരു മാസത്തേക്ക് അടച്ചിട്ട നടപടിയിൽ കോൺഗ്രസ് പ്രവർത്തകർ തേവരയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരേസമയം രണ്ട് പാലങ്ങളും അടച്ചിട്ടതിനെതിരെയായിരുന്നു പ്രതിഷേധം. കെ.പി.സി.സി സെക്രട്ടറിമാരായ ടോണി ചമ്മണി, തമ്പി സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. അലക്സാണ്ടർ പറമ്പിത്തറ പാലം അടച്ചതോടെ ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പ്രദേശങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലങ്ങൾ അടഞ്ഞതോടെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. പാലം തുറന്നുനല്കുന്നതുവരെ കുമ്പളത്തെ ടോൾപിരിവ് നിറുത്തിവയ്ക്കണമെന്ന് ടോണി ചമ്മിണി കളക്ടറോട് ആവശ്യപ്പെട്ടു.
എൻ.ആർ. ശ്രീകുമാർ, പി.പി. ജേക്കബ്, കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ബെൻസി ബെന്നി, മുൻ കൗൺസിലർ കെ എക്സ്. ഫ്രാൻസിസ്, ടെൻസൻ ജോൺ, സി.എ. ഫ്രാൻസിസ്, എ.ജെ. ജെയിംസ്, ജോണി പയ്യപ്പള്ളി, കെ.എസ്. അഭിഷേക്, സിനീഷ് പോൾ എന്നിവർ സമരത്തിന് നേതൃത്വം നൽകി.