ഫോർട്ടുകൊച്ചി: കൊച്ചി താലൂക്കിലെ ഭൂമി തരംമാറ്റ അപേക്ഷകളിൽ ആഗസ്റ്റ് 30 വരെയുള്ള എല്ലാ അപേക്ഷകളും നവംബർ 11ന് നടക്കുന്ന അദാലത്തിൽ തീർപ്പാക്കുവാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ഭൂമി തരംമാറ്റത്തിന് അപേക്ഷനൽകി ഫലംകാണാതെ മനംനൊന്ത് മത്സ്യത്തൊഴിലാളി സജീവൻ മരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സമാനമായ രീതിയിലുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് ആർ.ഡി.ഒ ഓഫീസിൽ കെട്ടിക്കിടക്കുന്നത്. നവംബറിൽ നടത്തുന്ന അദാലത്ത് സംബന്ധിച്ച വിവരം പൊതുജനങ്ങളെ അറിയിക്കുന്നതിന് വ്യാപകപ്രചാരണം നടത്തണം.ആർ.ഡി.ഒ ഓഫീസിൽ അദാലത്ത് സംബന്ധിച്ച ബോർഡ് സെപ്തംബർ 30 ന് മുമ്പായി പ്രദർപ്പിക്കണമെന്ന ഉത്തരവ് പോലും നടപ്പാക്കിയിട്ടില്ലെന്നും കൊച്ചി ഏരിയ സെക്രട്ടറി കെ.എം റിയാദ് പറഞ്ഞു. പൊതുജനങ്ങൾ അന്വേഷത്തിന് എത്തുമ്പോൾ മറുപടി നൽകുന്നതിന് പോലും തരംമാറ്റ വിഭാഗത്തിൽ ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണ്. 2023ൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൻ ഒരു മാസത്തിനുള്ളിൽ തീർപ്പാക്കാൻ ഉത്തരവായ അപേക്ഷയിൽപ്പോലും ഇപ്പോഴും സബ്കളക്ടർ തീരുമാനമെടുത്തിട്ടില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തരംമാറ്റ അപേക്ഷകളുള്ള എറണാകുളം ജില്ലയിൽ തിരുമാനം ആകാനുള്ള ഓൺലൈൻ അപേക്ഷകളിൽ ഭൂരിഭാഗവും കൊച്ചി താലൂക്കിലേതാണ്. ഇക്കാര്യങ്ങളിൽ റവന്യൂമന്ത്രി അടിയന്തരമായി ഇടപെട്ട് ആർ.ഡി.ഒ ഓഫീസിൽ തരംമാറ്റവിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും ആഗസ്റ്റ് 31 വരെയുള്ള കൊച്ചി താലൂക്കിലെ എല്ലാ അപേക്ഷകളും നവംബറിലെ അദാലത്തിൽ തീർപ്പാക്കാനും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.