കാക്കനാട്: മാലിന്യ സംസ്കരണത്തിന് സ്ഥിരം സംവിധാനമില്ലാത്ത തൃക്കാക്കര നഗരസഭയ്ക്ക് സംസ്ഥാന സർക്കാർ 50 സെന്റ് റവന്യൂഭൂമി സൗജന്യമായി നൽകി ഉത്തരവിറക്കി. നഗരസഭാ കാര്യാലയത്തിനും മുനിസിപ്പൽ ബസ് സ്റ്റാൻഡിനും തൊട്ടടുത്തായി അരഏക്കർ ഭൂമിയാണ് കൈമാറാൻ തീരുമാനിച്ചിട്ടുള്ളത് .

പട്ടികവസ്തുവിൽ ഉൾപ്പെട്ട മരങ്ങൾ മുറിക്കുന്നുണ്ടെങ്കിൽ റവന്യൂവകുപ്പിന്റെ

അനുമതി തേടണമെന്നും ഉത്തരവിലുണ്ട്, ഭൂമി സംരക്ഷണഭിത്തികെട്ടി സംരക്ഷിക്കണം. ഒരു വർഷത്തിനുള്ളിൽ നിർമ്മാണവും ആരംഭിക്കണം.

കാലങ്ങളായി മാലിന്യം കുന്നുകൂടിക്കിടക്കുന്ന സാഹചര്യത്തിൽ സ്ഥിരമായ നിർമ്മാർജന സംവിധാനം കൊണ്ടുവരാനുള്ള നഗരസഭാശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് സർക്കാരിന്റെ ആനുകൂല്യം ലഭ്യമായത്. അടിയന്തരയോഗം വിളിച്ചുചേർത്ത് ഭൂമിയുടെവിനിയോഗം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്ന് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഉണ്ണി കാക്കനാട് പറഞ്ഞു.

കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, കെ.ബി.പി.എസ്, വ്യവസായമേഖല തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും ഇൻഫോപാർക്ക് അടക്കമുള്ള ഐ.ടി ഹബ്ബും തൃക്കാക്കര നഗരസഭാ പരിധിയിൽപ്പെടും. സ്ഥിരമായ മാലിന്യസംസ്കരണ സംവിധാനം നടപ്പാക്കുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാവും.