ചോറ്റാനിക്കര: ചോറ്റാനിക്കരയിലെ തെരുവ് കച്ചവടക്കാർക്ക് വഴിയരികിൽ കച്ചവടം ചെയ്യണമെങ്കിൽ പ്രാദേശിക ഭരണസമിതി കനിയണമെന്ന അവസ്ഥയിലായി. പഞ്ചായത്തിന്റെ കടുംപിടിത്തം കാരണം പല കച്ചവടക്കാരും ഗതികേടിലാണ്.
2022ൽ വ്യാപാരിവ്യവസായികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിവാക്കണമെന്ന് പരാതി നൽകുന്നു. തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കാൻ തീരുമാനമെടുത്തു. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരുടെ യൂണിയൻ സ്ഥാപിക്കുകയും സി.ഐ,ടി.യു യൂണിയന്റെ കീഴിൽ കൊണ്ടുവരികയും ചെയ്തു. പ്രസിഡന്റായി പഞ്ചായത്ത് പ്രസിഡന്റിനെത്തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടർന്നാണ് സൗന്ദര്യവത്കരണമെന്ന പേരിൽ വഴിയരികിൽ കച്ചവടം ചെയ്യുന്നവർക്ക് പഞ്ചായത്ത് ചില നിർദ്ദേശങ്ങളുമായി രംഗത്തുവന്നു.
നിർദ്ദേശങ്ങൾ ഇപ്രകാരം
1 വഴിയോരക്കച്ചവടം നടത്തുന്നവർ കടകൾക്ക് എല്ലാം ഒരേ നിറം നൽകണം. ഭൂരിഭാഗവും ചുവപ്പുനിറം നൽകണം. നടുക്ക് മഞ്ഞയും വേണം.
2 പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കടയ്ക്ക് ചുറ്റും നിർമ്മാണം നടത്തരുത്
3 വഴിയോരക്കച്ചവടത്തിന്റെ പേരിൽ പ്രദേശമാകെ കൈയേറരുത്
4 തട്ടുകളിലെത്തുന്നവർക്ക് ആറുകസേരയിടാനുള്ള സൗകര്യമേ ഒരുക്കാവൂ. ചുറ്റുമറ പാടില്ല. മേൽക്കൂർ ചുവന്ന തകരഷീറ്റുകൊണ്ട് നിർമ്മിക്കണം
തുച്ഛവരുമാനമുണ്ടായിരുന്ന കച്ചവടക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ 3000 മുതൽ 5000 രൂപവരെ മുടക്കി പെട്ടിക്കടകൾക്ക് പെയിന്റ് അടിച്ചു. യൂണിയനിൽ അംഗത്വമെടുക്കാത്ത വഴിയോരക്കച്ചവടക്കാർ കോടതിയിൽ പരാതിയുമായി പോയെങ്കിലും ക്ഷേത്രനഗരിയിൽ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കണമെന്നാണ് വിധിവന്നത്. ഇതോടെ ക്ഷേത്രത്തിന്റെ മുൻവശത്ത് പൂക്കച്ചവടം നടത്തിയിരുന്നവരും ഗതികേടിലായി.
ക്ഷേത്രത്തിനു സമീപത്തുനിന്നുമാറി കച്ചവടം നടത്തുന്നവർക്ക് പഞ്ചായത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചാലേ നിലവിൽ കച്ചവടം നടത്താനാകൂ. ഇതിനിടയിൽ റോഡ് കൈയേറിയിട്ടുള്ള കച്ചവടക്കാരെ ഒഴിവാക്കണമെന്ന് പി.ഡബ്ല്യു.ഡി അധികാരികൾ പഞ്ചായത്തിന് കത്ത് നൽകിയിട്ടും ഫലമുണ്ടായില്ല. നിർദ്ദേശങ്ങൾ പാലിച്ച കച്ചവടക്കാരിൽ പലരും കടംകയറി മുടിഞ്ഞ നിലയിലാണ്. തട്ടുകട നടത്തുന്നവരും ഗതികേടിലാണ്. വഴിയരികിൽ പെട്ടിക്കടകൾ നിർമ്മിച്ച് വാടകയ്ക്ക് കൊടുക്കുന്ന സംഘങ്ങളും പ്രദേശത്ത് സജീവമാണ്.
വഴിയോരക്കച്ചവടക്കാരുടെ യോഗം വിളിച്ചതിനുശേഷം അവരുടെ നിർദ്ദേശപ്രകാരമാണ് കടകൾക്ക് ഒരേനിറം നൽകാൻ തീരുമാനിച്ചത്. അതിലൂടെ പുതിയതായി പ്രദേശത്ത് കച്ചവടം ചെയ്യാനെത്തുന്ന കച്ചവടക്കാരെ തിരിച്ചറിയാൻ സാധിക്കും. വഴിയോരക്കച്ചവടക്കാരെ സംരക്ഷിക്കുക എന്നതാണ് പഞ്ചായത്തിന്റെ നയം.
എം.ആർ. രാജേഷ്,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്