shavarama

കൊച്ചി: അറബി നാട്ടിൽ നിന്നെത്തി മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയ ഷവർമ്മയിൽ നിന്ന് ഒരുവർഷത്തിനിടെ സംസ്ഥാന ഭക്ഷ്യവകുപ്പിന് ലഭിച്ചത് 79 ലക്ഷം രൂപ പിഴ.

കേരളത്തിലെത്തിയിട്ട് കാൽ നൂറ്റാണ്ടുപോലുമാകാത്ത ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റുമരിച്ചവരുടെ എണ്ണം കുറവല്ല. വിഷബാധ പതിവായതോടെ ഷവർമ്മ വില്പന ശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധനകളും തുടങ്ങി. 2023-24 കാലഘട്ടത്തിലെ പിഴയാണിത്. ഇതിനായി ഓപ്പറേഷൻ ഷവർമ്മ എന്ന പേരിൽ വ്യാപക റെയ്ഡുകളും ആരംഭിച്ചു.

2023 ഏപ്രിൽ മുതൽ 2024 ജനുവരി വരെയുള്ള പിഴയാണിത്.

ഷവ‌ർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേൽക്കാൻ സാദ്ധ്യത മറ്റു ഭക്ഷണങ്ങളേക്കാൾ കൂടുതലാണ്.
അണുക്കൾ നശിക്കണമെങ്കിൽ കുറഞ്ഞത് 75 ഡിഗ്രിയിൽ പത്തു മിനിറ്റെങ്കിലും ചിക്കൻ വെന്തു കിട്ടണം. അതല്ലെങ്കിൽ 55 ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രി ചൂടിൽ അര മണിക്കൂർ നേരം വേവണം. എന്നാൽ

കമ്പിയിൽ തൂക്കിയിട്ട് വേവിക്കുന്ന ഷവർമ്മയിൽ അണുക്കൾ നശിച്ചിട്ടുണ്ടാകുമെന്നുറപ്പിക്കാനാവില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. പുറമേയുള്ള ഇറച്ചി ഈ ചൂടിൽ വെന്താലും ഉള്ളിലുള്ളത് അത്ര വേവില്ല. ആളുകളുടെ തിരക്ക് കൂടുമ്പോൾ ശരിയായി ഉള്ളിലെ ഭാഗം വേവാതെ തന്നെ അരിഞ്ഞെടുത്ത് നൽകുന്ന പതിവുണ്ട്.

 സാൽമൊണെല്ലയെന്ന വില്ലൻ

സാൽമൊണെല്ല ബാക്ടീരിയയാണ് ഭക്ഷ്യവിഷബാധകൾക്ക് കാരണമാകുന്നത്. ഷവർമ്മ ഉണ്ടാക്കുന്നത് ചിക്കൻ ഉപയോഗിച്ചാണ്. ചിക്കൻ നല്ലതു പോലെ വെന്തില്ലെങ്കിൽ ഫ്രഷ് ചിക്കനാണെങ്കിലും ഇതിൽ സാൽമൊണെല്ല വളരാൻ സാദ്ധ്യത കൂടുതലാണ്.

ബാക്കി വരുന്ന ഇറച്ചി കൃത്യമായ താപനിലയിൽ വച്ച് ഉപയോഗിക്കാതെ പലതവണ ചൂടാക്കി ഉപയോഗിക്കുന്നതും ഭക്ഷ്യവിഷബാധയേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. കൂടാതെ ഇതിനൊപ്പം നൽകുന്ന മയൊണൈസും മുട്ടയിൽ നിന്നുണ്ടാക്കുന്നതാണ്. മുട്ടയും വേണ്ട രീതിയിൽ പാകം ചെയ്തില്ലെങ്കിൽ സാൽമൊണെല്ലാ സാന്നിദ്ധ്യമുണ്ടാവും.

ഓപ്പറേഷൻ ഷവർമ്മ

നടന്ന പരിശോധനകൾ- 10713

അപാകതകൾ പരിഹരിക്കാൻ നൽകിയ നോട്ടീസ്- 2185

പിഴ ഈടാക്കുന്നതിന് നൽകിയ നോട്ടീസ്- 1794

ഈടാക്കിയ പിഴ-79,30,500

ശേഖരിച്ച സാമ്പിൾ-385