
കൊച്ചി: തിരുവനന്തപുരം പൊലീസ് സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. 19ന് നടക്കുന്ന വോട്ടെടുപ്പിനിടെ ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കരുത്. പോളിംഗ് സ്റ്റേഷനു സമീപത്ത് ആൾക്കൂട്ടം അനുവദിക്കരുതെന്നും ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു. വോട്ടർമാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഭരണസമിതി പ്രസിഡന്റ് ജി.ആർ. അജിത്ത് സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം.
വോട്ട് രേഖപ്പെടുത്തി മൊബൈൽ ഫോണിൽ പകർത്തി കാണിക്കണമെന്ന് അംഗങ്ങളോട് നേതാക്കൾ ആവശ്യപ്പെട്ടന്നും ഹർജിക്കാരൻ വാദിച്ചു.