 
മൂവാറ്റുപുഴ: നഗരത്തെ മയക്കുമരുന്ന് മാഫിയ ഹബ്ബ് ആക്കാൻ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ പറഞ്ഞു. മൂവാറ്റുപുഴ നഗരം മയക്കുമരുന്ന് ലഹരി മാഫിയാ സംഘങ്ങളുടെ സ്വൈര വിഹാരകേന്ദ്രമായി മാറുകയാണ്. മയക്കുമരുന്ന് ലഹരി മാഫിയ സംഘത്തെ അമർച്ച ചെയ്യുവാൻ എക്സൈസ്, പോലീസ് സംവിധാനം ശക്തമായ പ്രവർത്തനം നടത്തണം. എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും സജീവമായ ഇടപെടൽ നടത്തണമെന്നും എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് എൻ. അരുൺ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സൈജൽ പാലിയത്ത് അദ്ധ്യക്ഷനായി.
സി.പി.ഐ ജില്ലാ എക്സി. അംഗം കെ.എ. നവാസ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറത്ത്, അഡ്വ. എൽ.എ. അജിത്, പോൾ പൂമറ്റം, കെ.പി. അലിക്കുഞ്ഞ്, ഫൗസിയ അലി, അൻഷാജ് തേനാലി തുടങ്ങിയവർ പ്രസംഗിച്ചു. മയക്കുമരുന്നു മാഫിയാ സംഘത്തെ പ്രതിരോധിക്കാൻ മൂവാറ്റുപുഴയിൽ യുവജന ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു.