കോതമംഗലം: സുപ്രീം കോടതിവിധിയിലൂടെ എസ്.എൻ.ഡി.പി യോഗത്തിന്റെ കെട്ടുറപ്പ് തകർക്കാൻ കഴിയില്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് കോതമംഗലം യൂണിയൻ പ്രസിഡന്റ് അജിനാരായണൻ പറഞ്ഞു. സംഘടനയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം മാറ്റിവച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് കോടതിവിധി. കാലങ്ങളായി യോഗത്തിനെതിരെയും യോഗനേതാക്കൾക്കെതിരെയും നിരവധി കേസുകൾ കൊടുത്തു കൊണ്ട് സംഘടനയുടെയോ കുടുംബാംഗങ്ങളുടെയോ പിന്തുണയില്ലാത്ത ചിലർ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരായ ശക്തമായ താക്കീതാണിതെന്നും അജി നാരായണൻ വ്യക്തമാക്കി. എസ്.എൻ.ഡി.പി യോഗത്തിനും ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനും ലക്ഷക്കണക്കിന് സമുദായ കുടുംബാംഗങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉള്ളപ്പോൾ ഈ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ യോഗനേതൃത്വത്തിന് സാധിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ലെന്ന് യൂണിയൻ സെക്രട്ടറി പി.എ. സോമനും പറഞ്ഞു. യൂണിയൻ ഓഫീസിൽ ചേർന്ന ഭാരവാഹിയോഗം ജനറൽ സെക്രട്ടറിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. ഷാനിൽ കുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം, എംപ്ലോയ്സ് ഫോറം , സൈബർസേന ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.