അങ്കമാലി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് സംരംഭക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അങ്കമാലി നഗരസഭ സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല നഗരസഭാ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും വിവിധ പദ്ധതികളെകുറിച്ചും ബാങ്കിംഗ് നടപടി, വിപണന സാദ്ധ്യതകൾ എന്നിവയെക്കുറിച്ചും സംരംഭകർക്ക് വേണ്ടത്ര അറിവ് പകരുകയും സഹായങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് ശില്പശാല സംഘടിപ്പിച്ചത് . സൗജന്യ ഉദ്യം രജിസ്ട്രേഷൻ സൗകര്യം, 4 ശതമാനം പലിശയ്ക്ക് വായ്പാ പദ്ധതി ലഭ്യമാക്കൽ തുടങ്ങിയ സൗകര്യങ്ങൾ ശില്പശാലയിൽ ഏർപ്പെടുത്തിയിരുന്നു. നഗരസഭ ഉപാദ്ധ്യക്ഷ സിനി മനോജ് അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.പി. പോൾ ജോവർ, ജാൻസി അരിയ്ക്കൽ, ജെസ്മി ജിജോ, ലക്സി ജോയ്, ജിത ഷിജോയ്, മുൻ ചെയർമാൻ റെജി മാത്യു, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോൾ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ. ഏല്യാസ്, കൗൺസിലർമാരായ പി.എൻ. ജോഷി, സന്ദീപ് ശങ്കർ, വ്യവസായ വികസന ഓഫീസർമാരായ ടി.വൈ. ജോബി, യു.എ. നൗഫൽ, അഞ്ജന ലൂക്ക്, കില റിസോഴ്സ് പേഴ്സൺ പി. ശശി എന്നിവർ പ്രസംഗിച്ചു.