വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ പറഞ്ഞു. ആരോപണത്തെ തുടർന്ന് താലൂക്ക് സർവെയറെ കൊണ്ട് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ആവശ്യപ്പെട്ട് കളക്ടർക്കും തഹസിൽദാർക്കും അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ അത് വരെ കാത്തിരിക്കാതെയാണ് കോൺഗ്രസ് സമരം നടത്തിയതെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ച് കൂട്ടിയ ബ്ലോക്ക് യോഗത്തിൽ നിന്ന് ഇവർ ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു ചെറിയഭാഗത്താണ് മതിൽ ഇല്ലാത്തത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതിനെ തുടർന്നാണ് മതിൽ ഇല്ലാത്തിടത്ത് നിർമ്മാണം നടത്താൻ തീരുമാനിച്ചത്. ആരോപണം ഉയർന്നപ്പോൾ തന്നെ നിർമ്മാണം നിർത്തിവച്ചുവെന്നും പ്രസിഡന്റ് വ്യക്തമാക്കി. ബ്ലോക്കിന്റെ സ്ഥലം പുറത്തിട്ട് മതിൽ കെട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞദിവസം സമരം നടത്തിയിരുന്നു.