
ആലുവ: ആലുവ പാലസ് പോലെ ആലുവയുടെ പ്രതീകമായിരുന്ന ആലുവയിലെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് ഏറെക്കാലത്തിന് ശേഷം വീണ്ടും സർക്കാരിന്റെ കൈകളിലേക്ക്. റെസ്റ്റ് ഹൗസിന്റെ പാട്ടക്കരാർ റദ്ദാക്കിയെങ്കിലും ഇന്നലെ വൈകിട്ടുവരെ വകുപ്പ് ഏറ്റെടുത്തിട്ടില്ല. കരാറുകാരൻ മഹനാമി ഹെറിറ്റേജ് ഹോട്ടൽ എന്ന റെസ്റ്റ് ഹൗസ് ഇന്നലെയും പതിവുപോലെ പ്രവർത്തിച്ചു.
2003ൽ യു.ഡി.എഫ് സർക്കാർ ഭരിക്കുമ്പോഴാണ് ആലുവയിലേതുൾപ്പെടെ പ്രധാനപ്പെട്ട അഞ്ച് റെസ്റ്റ് ഹൗസുകൾ 30 വർഷത്തേക്ക് ലീസിന് നൽകിയത്. സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി സംരക്ഷിച്ചും നവീകരിച്ചും പരിപാലിക്കണമെന്നായിരുന്നു വ്യവസ്ഥ. നടത്തിപ്പുകാർ വ്യവസ്ഥകൾ പാലിക്കാതിരുന്നതോടെ ആലുവ ഒഴികെയുള്ളവ തിരിച്ചുപിടിച്ചു. ആലുവ റെസ്റ്റ് ഹൗസ് നടത്തിപ്പുകാർ നിയമയുദ്ധം നടത്തിവരികയായിരുന്നു. 60 ലക്ഷത്തോളം രൂപ സർക്കാരിലേക്ക് നൽകിയാണ് ലീസിനെടുത്തത്.കെട്ടിടത്തിലെ രണ്ട് മുറികൾ ചെറിയ തുകയ്ക്ക് നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
തുടക്കത്തിലെ കല്ലുകടി
യു.ഡി.എഫാണ് റെസ്റ്റ് ഹൗസ് പാട്ടത്തിന് നൽകിയതെങ്കിലും അന്ന് ആലുവ എം.എൽ.എയായിരുന്ന കെ. മുഹമ്മദാലി ശക്തമായി എതിർത്തു. കോടികൾ മുടക്കി നവീകരിച്ചെങ്കിലും സ്ഥലം എം.എൽ.എയുടെ എതിർപ്പ് മൂലം ഉദ്ഘാടനം നടന്നില്ല. എന്നാൽ നവീകരണം പൂർത്തീകരിച്ച് 2005 മുതൽ സ്ഥാപനം പ്രവർത്തിച്ചു. റെസ്റ്റ് ഹൗസ് പാട്ടത്തിന് നൽകിയപ്പോൾ എൽ.ഡി.എഫ് പ്രതിഷേധിച്ചെങ്കിലും 2006 ഇടതു സർക്കാർ അധികാരത്തിലേറിയെങ്കിലും കരാർ റദ്ദാക്കിയില്ല.
20 മുറികൾ, മൂന്ന് ഹാളുകൾ, രണ്ട് ഹോട്ടലുകൾ
2014 മുതൽ തുടർച്ചയായി കേസുകൾ നടക്കുന്നതിനാൽ സ്ഥാപനം മികച്ചരീതിയിൽ നവീകരിച്ചിട്ടില്ല. അത്യാവശ്യം നവീകരണം മാത്രമാണ് നടന്നത്. മൂന്ന് ബിൽഡിംഗുകളിലായി 20 മുറികളും മൂന്ന് ഹാളുകളും രണ്ട് ഹോട്ടലുകളുമുണ്ട്. പാർക്കിംഗിന് ഉൾപ്പെടെ വിശാലമായ സൗകര്യമുണ്ടായിട്ടും മുറികൾക്കും ഹാളുകൾക്കുമെല്ലാം വലിയ വാടകയില്ലെന്നതും പ്രത്യേകതയാണ്.
മാദ്ധ്യമങ്ങളിൽ വന്ന വാർത്ത മാത്രമെ കണ്ടിട്ടുള്ളു. പി.ഡബ്ളിയു.ഡി നോട്ടീസ് ലഭിച്ചിട്ടില്ല. ഹർജിയിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പി.ഡബ്ളിയു.ഡിയോട് ബുധനാഴ്ച്ച ആവശ്യപ്പെട്ടിരുന്നു. ഇതിനിടയുണ്ടായ നടപടി കോടതിയലക്ഷ്യമാണ്. കോടതിയിൽ അറിയിക്കും.
എം.എൻ. സതീഷ്
എം.ഡി മഹനാമി ഹെറിറ്റേജ് ഹോട്ടൽസ് ലിമിറ്റഡ്.