മൂവാറ്റുപുഴ: അപൂർവ ജീവജാലങ്ങളും സ്വഭാവിക വനവും നിറഞ്ഞ മയിലാടും പാറയിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് നിറുത്തിവയ്പിച്ച പാറഖനനം വീണ്ടും ആരംഭിക്കാനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരെ സി.പി.ഐ മാറാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മാറാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വ്യാപിച്ചുകിടക്കുന്ന മയിലാടുംപാറ മലയിൽ നിന്ന് കരിങ്കല്ല് കടത്താനുള്ള നീക്കത്തിനെതിരെ നേരത്തെ പ്രദേശവാസികൾ രംഗത്ത് വന്നതോടെയാണ് ജില്ലാ കളക്ടർ പാറ ഖനനം തടഞ്ഞത്. ഇതോടെ നിലച്ച പാറ പൊട്ടിക്കൽ പുനരാരംഭിക്കാനുള്ള നീക്കമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ദിവസവും നൂറുകണക്കിന് ലോഡ് കരിങ്കല്ലാണ് നേരത്തെ ഇവിടെ നിന്ന് നേരത്തെ പൊട്ടിച്ചു കടത്തിയിരുന്നത്. ഈ നില പുനരാരംഭിച്ചാൽ ദിവസങ്ങൾക്കകം കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന മലയും വെള്ളച്ചാട്ടവും പ്രദേശത്തെ കുടിവെള്ള സ്രോതസും ഇല്ലാതാകും.
അപൂർവ ജീവജാലങ്ങളും കുടിവെള്ള സ്രോതസും ഗ്രാമീണ ടൂറിസം പദ്ധതിയിലും ബയോ ഡൈവേഴ്സിറ്റി രജിസ്റ്ററിലും ഇടംപിടിച്ച സ്വഭാവിക വനപ്രദേശവും ഉൾക്കൊള്ളുന്ന മയിലാടുംപാറ മേഖലയിലെ പാറ ഖനനം പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരുമെന്ന് ഉറപ്പാണ്.
നിയമങ്ങൾ കാറ്റിൽപ്പറത്തി ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള മൈലാടിമലയിൽ വീണ്ടും പാറ ഖനനത്തിന് അനുമതി നൽകരുതെന്ന് അധികൃതരോട് സി.പി.ഐ മാറാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
മേഖലയിലെ ടൂറിസം ആകർഷണങ്ങൾ
മയിലാടുംപാറ ശൂലം വെള്ളച്ചാട്ടം വനക്ഷേത്രമായ അരുവിക്കൽ കാവ് കായനാട് ചെക്ക്ഡാം അരുവിക്കൽ വെള്ളച്ചാട്ടം കൊടികുത്തി ഗുഹ
അനുമതി ലഭിച്ചാൽ വരുന്നത് ഹരിത ടൂറിസം പദ്ധതി
ഈ പ്രദേശത്തോട് ചേർന്നുള്ള സ്ഥലത്ത് മുമ്പ് പാറ ഖനനം ചെയ്‌തുണ്ടായ എതാണ്ട് 500 മീറ്റർ നീളവും 200 വീതിയുമുള്ള പാറമടയിൽ ഏകദേശം 100 മീറ്റർ ആഴത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്നു.
ലക്ഷക്കണക്കിന് ഘനമീറ്റർ ജലം ഉൾക്കൊള്ളുന്ന ഈ പാറമട പൊട്ടിയാൽ ചൂരൽമല ദുരന്തം പോലൊന്ന് ഉണ്ടാകുവാനുള്ള സാദ്ധ്യത ഏറെ.