
കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാവില്ല. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ക്ഷേത്ര ഭരണസമിതി ജാഗ്രത പാലിക്കണം. ആചാര ലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹർജികൾ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് തീർപ്പാക്കിയത്. എക്‌സിക്യുട്ടീവ് ഓഫീസറെ തസ്തികയിൽനിന്നു മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.
ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണത്തിൽ ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണം. താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടതുകൊണ്ടു മാത്രം കാര്യമില്ല. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് അച്ചടക്ക നടപടി സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. ഉത്സവമഠം കെട്ടിടത്തിലെ മതിലകം ഓഫീസിൽ ചിക്കൻ ബിരിയാണി സൽക്കാരം നടന്നെന്നാണ് ആരോപണം. എക്‌സിക്യുട്ടീവ് ഓഫീസർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തസ്തികയിൽനിന്നു നീക്കം ചെയ്യാനും ക്ഷേത്ര ഭരണസമിതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജികൾ.