മട്ടാഞ്ചേരി: കുണ്ടന്നൂർ,​ അലക്സാണ്ടർ-പറമ്പിത്തറ പാലങ്ങൾ അറ്റകുറ്റ പണികൾക്കായി ഒരു മാസത്തേക്ക് അടച്ചിട്ടതോടെ കൊച്ചിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഗതാഗത നിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കണമെന്ന് സി.പി.എം കൊച്ചി ഏരിയ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ഗതാഗതം നിയന്ത്രിക്കാൻ രാവിലെ ഏഴ് മുതൽ തന്നെ പൊലിസിനെ വിനിയോഗിക്കണമെന്ന് കൊച്ചി ഏരിയ സെക്രട്ടറി കെ.എം റിയാദ് ആവശ്യപ്പെട്ടു. അറ്റകുറ്റ പണികൾ നടത്തുന്ന ഒരു മാസക്കാലയളവിൽ ഫോർട്ട്കൊച്ചി - വൈപ്പിൻ അഴിമുഖത്ത് സർവീസ് നടത്തുന്ന രണ്ട് റോ റോ വെസലുകളും രാവിലെ ഏഴ് മണി മുതൽ സർവീസ് ആരംഭിക്കണം. നിലവിൽ ഇവ സർവീസ് ആരംഭിക്കുന്നത് എട്ടര മുതലാണ്. ഉച്ചക്ക് പന്ത്രണ്ടിന് ശേഷം ഒരു റോ റോ സർവീസ് നിർത്തി രണ്ട് മണിക്ക് വീണ്ടും ആരംഭിക്കുന്ന രീതിയിൽ ക്രമീകരിക്കണം. ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമായി അനുഭവപ്പെടുന്ന തോപ്പുംപടി ബി. ഒ.ടി കവലയിൽ പൊലീസിനെ രാവിലെ ഏഴ് മുതൽ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.