ആലുവ: ആലുവ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുമായുള്ള അതിർത്തി തർക്കം കേസായി. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷിബു ജോയിയും പി.ടി.എ പ്രസിഡന്റ് വി.എസ്. സതീശനുമാണ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ബോയ്സ് സ്കൂളിന്റെ രണ്ടര ഏക്കർ സ്ഥലത്തെ കെട്ടിടത്തിലാണ് ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇവർക്കായി പുതിയ കെട്ടിടത്തിന്റെ പണി നടന്നുവരികയാണ്. ടെക്നിക്കൽ സ്കൂളിന് പ്രത്യേകമായി സ്ഥലം തിരിച്ച് നൽകിയിട്ടില്ല. രണ്ട് വിദ്യാലയങ്ങളിലേക്കും ഒരു പ്രവേശന കവാടമേയുള്ളൂ. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് സ്ഥലം ഒരുക്കിയതുമായി ബന്ധപ്പെട്ടാണ് തർക്കം. ഇതിനിടയിൽ ടെക്നിക്കൽ സ്കൂളിലെ ഒരു താത്കാലിക ജീവനക്കാരൻ ഭീഷണി മുഴക്കിയെന്നാണ് പരാതി.