കൊച്ചി: ഹിന്ദുത്വ രാഷ്ട്രീയത്തിന് രാജ്യത്ത് ഇടമില്ലെന്ന് സാമൂഹ്യ പ്രവർത്തകൻ കെ. വേണു പറഞ്ഞു. മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഭിന്നിപ്പിന്റെ വർഗീയമാർഗം, ചേർത്തുനിറുത്തലിന്റെ ഗാന്ധിമാർഗം എന്ന വിഷയത്തിൽ എറണാകുളം ഡി.സി.സിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്ന എല്ലാവർക്കും ഇന്ത്യയുടെ മുന്നോട്ടുപോക്കിൽ ആശങ്കയുണ്ട്. അപ്പോഴും ആശ്വാസം പകരുന്നതായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. അത്ര എളുപ്പത്തിൽ രാജ്യത്തെ മോദിക്കും കൂട്ടർക്കും സ്വന്തമാക്കുവാൻ കഴിയില്ലെന്ന സന്ദേശം കഴിഞ്ഞ തിരഞ്ഞെടുപ്പ് പകർന്നു നൽകിയെന്ന് വേണു പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി.
മാത്യു കുഴൽനാടൻ എം.എൽ.എ, കെ.പി. ധനപാലൻ, ഡോമനിക് പ്രന്റേഷൻ, ഡോ.എം.സി. ദിലീപ്കുമാർ, ഡോ.ടി.എസ്. ജോയി, ഷൈജു കേളന്തറ തുടങ്ങിയവർ സംസാരിച്ചു.