കൊച്ചി: രാവിലെ 7.25ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-എറണാകുളം മെമുവിലെ നിയന്ത്രണാതീതമായ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞുവീഴുകയും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് പതിവാകുന്നതിനെതിരെ 22ന് തുറവൂരിൽ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കും. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എറണാകുളം- ആലപ്പുഴ മെമുവിന്റെ ക്രോസിംഗിനായി അര മണിക്കൂറിലധികം വണ്ടി തുറവൂരിൽ പിടിച്ചിടുന്നു. വൈകിട്ട് ആറിന് എറണാകുളത്തു നിന്ന് തിരിച്ചു ആലപ്പുഴയിലേക്ക് പോയിരുന്ന കായംകുളം പാസഞ്ചർ വന്ദേഭാരതിനു വേണ്ടി 25 മിനിറ്റ് അത്രയും സമയം കുമ്പളം സ്റ്റേഷനിലും പിടിച്ചിടുന്നു. തുടർന്ന് പല വണ്ടികൾക്കായി എല്ലാ ക്രോസിംഗ് സ്റ്റേഷനിലും പിടിച്ചിട്ട് ആലപ്പുഴ എത്തുമ്പോൾ രാത്രി 9വരെയാകും. ഇതിന് പരിഹാരം തേടിയാണ് പ്രതിഷേധം. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശ്, ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആലപ്പുഴ പ്രസിഡന്റ് ബിന്ദു വയലാർ, സെക്രട്ടറി നൗഷിൽ തുടങ്ങിയവർ സംസാരിക്കും.

ആവശ്യങ്ങൾ

രാവിലെ 16 കോച്ച് മെമു അനുവദിയ്ക്കുക

വൈകിട്ട് ആറിന് കായംകുളം പാസഞ്ചർ പുറപ്പെടണം

കൊല്ലത്തുനിന്ന് ജനശതാബ്ദി ശേഷം ഒരുവണ്ടി ആലപ്പുഴ വഴി പുതുതായി അനുവദിക്കണം.

എറണാകുളത്തു നിന്ന് ആലപ്പുഴ ഭാഗത്തേയ്ക്കും തിരിച്ചും പഴയ പോലെ ഒരു വണ്ടി അനുവദിക്കണം