 
അങ്കമാലി: കെ.എസ്.ആർ.ടി അങ്കമാലി ബസ് സ്റ്റേഷനിലെ ശീതീകരിച്ച വിശ്രമ കേന്ദ്രം യാത്രക്കാർക്ക് തുറന്നുകൊടുത്തു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റേഷനുകളിൽ കമ്പ്യൂട്ടറൈസേഷൻ ഉടൻ നടപ്പിലാക്കുമെന്നും ഇതിനായി എം.എൽ.എമാരുടെ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപവീതം സ്വീകരിക്കുമെന്നം മന്ത്രി അറിയിച്ചു. അങ്കമാലി സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കും. ബസുകളിൽ ഓൺലൈൻ പെയ്മെന്റ് സംവിധാനം മൂന്ന് മാസത്തിനുള്ളിൽ കൊണ്ടുവരുമെന്നും റൂട്ടുകളും സ്റ്റേഷനുകളും അറിയുന്നതിനുള്ള മൊബൈൽ ആപ് സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വിവോയുടെ സഹകരണത്തോട് കൂടിയാണ് ശീതീകരിച്ച വിശ്രമകേന്ദ്ര പദ്ധതി നടപ്പിലാക്കിയത്. വിവോ ബിസിനസ് ഓപ്പറേഷൻ മേധാവി പ്രസാദ് മുള്ളനാറമ്പത്ത് അദ്ധ്യക്ഷനായി. കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോദ് ശങ്കർ, ജോസഫ് ജേക്കബ്, ജി.പി. പ്രദീപ് കുമാർ, ഷറഫ് മുഹമ്മദ്, റോഷ്ന അലിക്കുഞ്ഞ്, കെ.പി. രാധാകൃഷ്ണൻ, ലിബിൻ തോമസ്, പി.എ. അഭിലാഷ് എന്നിവർ സംസാരിച്ചു.